ADVERTISEMENT

അങ്കമാലി∙ നവകേരള സദസ്സിൽ ഇതുവരെ 3,00,571 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും നിവേദനങ്ങൾ അതിവേഗം പരിശോധിച്ചു നടപടിയെടുക്കുകയെന്നതു വലിയ വെല്ലുവിളിയാണ്. വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെ പരിഹാരങ്ങൾ ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിച്ച എല്ലാ നിവേദനങ്ങളിലും നടപടിയുണ്ടാകുമെന്നും നടപടികൾ ത്വരിതപ്പെടുത്താൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ

നവംബർ 18,19 തീയതികളിൽ കാസർകോട് ജില്ലയിൽ  നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളിൽ ആകെ 14701 നിവേദനകളാണ്  ലഭിച്ചത്. 255 എണ്ണം തീർപ്പാക്കി. 11950 എണ്ണം  വിവിധ വകുപ്പ് ഓഫിസുകളിൽ പരിഗണനയിലാണ്. പൂർണമല്ലാത്തതും അവ്യക്തവുമായ 14 പരാതികൾ പാർക്ക് ചെയ്തു. 2482 എണ്ണം നടപടി ആരംഭിച്ചു.

തദ്ദേശ സ്വയംഭരണം, റവന്യു, ഭക്ഷ്യ, സിവിൽ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടികവർഗ വികസനം എന്നീ വകുപ്പുകളിലാണു കൂടുതൽ നിവേദനങ്ങൾ ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ ലൈഫ് പദ്ധതി ഉൾപ്പടെ 4488, റവന്യു വകുപ്പിൽ 4139, കളക്ടറേറ്റിൽ 580, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിൽ 496, പൊതുവിദ്യാഭ്യാസ വകുപ്പിൽ 359, പൊതുമരാമത്തു വകുപ്പിൽ 331, തൊഴിൽ വകുപ്പിൽ 305, പട്ടികജാതി പട്ടികവർഗ വികസന വകുപ്പിൽ 303, സഹകരണ വകുപ്പിൽ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 257 എന്നിങ്ങനെയാണ് നിവേദനങ്ങൾ  പരിഗണനയ്ക്കു വന്നത്. 

കണ്ണൂർ ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്. ഏറ്റവുമധികം നിവേദനങ്ങൾ എൽഎസ്ജിഡിയുമായി ബന്ധപ്പെട്ടാണു വന്നത്. ലഭിച്ച 8663 നിവേദനങ്ങളിൽ 4614 എണ്ണത്തിൽ നടപടി ആരംഭിച്ചു. രണ്ടെണ്ണം തീർപ്പാക്കി. റവന്യു-5836, സഹകരണം-2118, പൊതുവിദ്യാഭ്യാസം-1274, ഭക്ഷ്യ സിവിൽ സപ്ലൈസ്-1265, തൊഴിൽ വകുപ്പ്-1231, പൊതുമരാമത്ത്-722, ആരോഗ്യ-കുടുംബക്ഷേമം-719, സാമൂഹ്യനീതി-596, ജലവിഭവം-458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളിൽ ലഭിച്ച നിവേദനങ്ങൾ.  ഇതിൽ ഇതുവരെ 312 എണ്ണം  തീർപ്പാക്കി. 12510 ൽ നടപടി ആരംഭിച്ചു. 

വ്യക്തികളെയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ നവകേരള സദസ്സിനു ഇതിനകം സാധിച്ചു. ഉദാഹരണമായി കാസർകോട് മുളിയാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ഏരിഞ്ചേരിയിൽ 9 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടം ഉയരാൻ പോവുകയാണ്. ഉദുമ മണ്ഡലത്തിലെ  നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനത്തിനാണു ‌ദിവസങ്ങൾക്കുള്ളിൽ റവന്യൂഭൂമി അനുവദിച്ച് ഉത്തരവായത്. 

30 ശതമാനം പണമടച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്നറിയിച്ചു പണം വാങ്ങിയശേഷം വഞ്ചിച്ച കൊച്ചി കാക്കനാട്ടെ സ്റ്റാർട്ടപ്പ് കമ്പനിയുടെ നടപടിക്കെതിരെ ആർഡി നഗർ മന്നിപ്പാടിയിലെ വി.അനഘ എന്ന വിദ്യാർഥി നൽകിയ പരാതിക്കു ദിവസങ്ങൾക്കുള്ളിൽ പരിഹാരമായി. അനഘയെപ്പോലെ വഞ്ചിതരായ മറ്റു കൂട്ടുകാർക്കും പണം തിരികെ ലഭിച്ചു. അതുപോലെ കാറ്റിലും മഴയിലും ഭാഗികമായി തകർന്ന വീടിന്റെ പുനരുദ്ധാരണത്തിനു  ധനസഹായം ആവശ്യപ്പെട്ട് ഉദുമ മയിലാട്ടിയിലെ എം.രത്‌നാകരൻ നൽകിയ നിവേദനത്തിനും പരിഹാരമായി. രത്നാകരനു തുകയനുവദിക്കുന്ന സെയ്പ് പദ്ധതിയിൽ ജില്ലയിൽ നടപ്പു സാമ്പത്തിക വർഷം 150 പേർ ഗുണഭോക്താക്കളാകും. നിലവിൽ  72 പേർക്കു സേവനം നൽകി കഴിഞ്ഞു.

തേജസ്വിനി പുഴയുടെ പാലായി തീരവളപ്പു മുതൽ കരുവാത്തല വരെയുള്ള 500 മീറ്ററോളം പുഴയുടെ വലതു കരയിൽ കരയിടിച്ചിൽ ഭീഷണിയിലായതിനാൽ പേരോൽ സ്വദേശി പി.മനോഹരൻ നൽകിയ അപേക്ഷയിൽ  ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഈ ഭാഗത്തു പുഴയുടെ കരകെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ജലവിഭവ വകുപ്പിന്റെ പരിഗണനയിലാണ്. 

ലഭിക്കുന്ന നിവേദനങ്ങളിൽ പൊതു ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും സങ്കടങ്ങളും സർക്കാരിന്റെ പരിധിയിൽ വരാത്ത കാര്യങ്ങളും ഒക്കെ ഉണ്ട്. വ്യവസ്ഥാപിത രീതിയിൽ അപേക്ഷ സമർപ്പിച്ചു നിശ്ചിത യോഗ്യത തെളിയിച്ചു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾക്കും നിവേദനം സമർപ്പിച്ചവർ ഉണ്ട്. ചില പരാതികൾക്കു പരിഹാരം കാണാൻ സർക്കാരിനു കഴിയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ സ്വന്തം സങ്കടങ്ങളും പരിഭവങ്ങളും സമർപ്പിക്കാൻ തയാറാവുന്നവരുമുണ്ട്.  ജനങ്ങൾ സർക്കാരിൽ വിശ്വാസം അർപ്പിക്കുന്നത് കൊണ്ടാണു കൂടുതൽ പേർ ഇങ്ങനെ മുന്നോട്ടു വരുന്നത്. നിവേദനങ്ങളുടെ എണ്ണം കൂടുന്നതു ശരിയായ അവസ്ഥയാണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളിൽ ഉയർന്നു കേട്ടു. തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും സർക്കാർ ഉണ്ട് എന്ന വിശ്വാസമാണ്, ഏതു വിഷയവും ഇങ്ങനെ നിവേദനങ്ങളായി നൽകാൻ ജനങ്ങൾക്ക് പ്രചോദനമാകുന്നത്. ആ ജനവിശ്വാസമാണ് ജനാധിപത്യത്തിന്റെ വിജയം എന്നാണ് അവർക്കുള്ള മറുപടി. 

സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്കു കരുത്തു പകരുന്നതും നല്ലതുപോലെ കുതിപ്പേകുന്നതുമായ സുപ്രധാനമായ ഒരു തീരുമാനം ഇന്നലെ മന്ത്രിസഭായോഗം എടുത്ത വിവരം അറിഞ്ഞു കാണുമല്ലോ.  വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം സംബന്ധിച്ച നിർണായക ചട്ട പരിഷ്കരണത്തിനാണു  മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതോടെ ഭൂമി കൈമാറ്റം ലളിതമാകും. ഒപ്പം  സംരംഭങ്ങളിലെ മാറ്റങ്ങൾക്കും സാധുതയാവുകയാണ്. 

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയിൽ പട്ടയം അനുവദിക്കും. ദശാബ്ദങ്ങളായി സംരംഭകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണു നടപ്പിലാവുന്നത്. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാവും. നിശ്ചയിച്ച വ്യവസായ സംരംഭങ്ങൾക്കു പകരം മറ്റു സംരംഭങ്ങൾ ആരംഭിക്കുന്നതിനും തടസ്സമില്ല.
 

ബഫർ സോൺ

2022 ജൂൺ മൂന്നിന്റെ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ  ഹർജിയും കേന്ദ്രസർക്കാർ മോഡിഫിക്കേഷൻ ഹർജിയും ഫയൽ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ടു ജനവാസമേഖലകൾ ബഫർസോൺ പരിധിയിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം. സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചിരിക്കുന്നു. ബഫർസോൺ പ്രദേശങ്ങൾ രേഖപ്പെടുത്തിക്കൊണ്ടു സംസ്ഥാനങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നേരത്തെ സമർപ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങൾക്കും അന്തിമ വിജ്ഞാപനങ്ങൾക്കും ഒരു കി.മീ പരിധി വേണമെന്ന വിധി ബാധകമല്ല എന്ന് സുപ്രീം കോടതി മുൻപു വ്യക്തമാക്കിയിരുന്നു. 

പുനഃപരിശോധനാ ഹർജി അനുവദിച്ചതിനാൽ കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങൾ സമർപ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയാറാക്കാവുന്നതാണ്. അങ്ങനെ തയാറാക്കുമ്പോൾ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖലകൾ നേരത്തെ നൽകിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂർണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണു നിലവിൽ വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ അംഗീകരിച്ചു കൊണ്ടുള്ള ബഹു. സുപ്രീം കോടതി വിധി ജനങ്ങളെ കുറേ കാലമായി അലട്ടുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമായിരിക്കുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു പാലിക്കാൻ കഴിഞ്ഞെന്നു സർക്കാരിന് അഭിമാനത്തോടെ പറയാം.

English Summary:

Pinarayi Vijayan speak about of all the petitions received in Nava Kerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com