ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ രാഷട്രപതി പ്രണബ് മുഖർജിയെ സന്ദർശിക്കുമ്പോഴെല്ലാം കാൽ തൊട്ടുവന്ദിക്കാറുണ്ടായിരുന്നുവെന്നു പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജി. ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്.

‘പ്രണബ് മൈ ഫാദർ’ എന്ന പുസ്തകത്തിലൂടെ നിരവധി കാര്യങ്ങൾ ശർമിഷ്ഠ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും ചുമതലയെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സർക്കാർ ഭരണ കാര്യങ്ങളിൽ അദ്ദേഹം  ഇടപെട്ടിരുന്നില്ലെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ അവർ അടുത്ത ബന്ധം പുലർത്തിയിരുന്നു. വിഭിന്ന ആശയങ്ങളായിരുന്നു ഇരുവരുടേതും. എന്നാൽ ബന്ധം ഊഷ്മളമായിരുന്നു. 

പല പരിപാടികൾക്കായി ഡൽഹിയിൽ എത്തുമ്പോൾ പ്രഭാത സവാരിക്കിടെ പ്രണബ് മുഖർജിയെ സന്ദർശിക്കാറുണ്ടായിരുന്നു. വളരെ സൗമ്യനായാണ് പ്രണബ് മുഖർജി മോദിയോട് സംസാരിച്ചിരുന്നത്. പുറത്ത് കോൺഗ്രസ് നയങ്ങളെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്ന മോദി പ്രണബിനെ കാണാൻ വരുമ്പോളെല്ലാം കാൽ തൊട്ടുവന്ദിക്കുമായിരുന്നു.

പ്രധാനമന്ത്രിയായ ശേഷവും മോദി പ്രണബ് മുഖർജിയെ കാണാൻ എത്തി. നമ്മൾ വിഭിന്ന ആശയങ്ങളിൽ നിന്നുള്ളവരാണെന്ന് പ്രണബ് മുഖർജി മോദിയോട് പറഞ്ഞു. ജനം നിങ്ങൾക്കാണ് ഭരണം നൽകിയിരിക്കുന്നത്. ഞാൻ ഭരണത്തിൽ ഇടപെടില്ല. എന്നാൽ ഭരണഘടനാപരമായി എന്തു ആവശ്യമുണ്ടെങ്കിലും ‍സഹായിക്കാൻ ഞാൻ തയാറായിരിക്കുമെന്നും പ്രണബ് അന്ന് മോദിയോട് പറഞ്ഞതായി ശർമിഷ്ഠ വെളിപ്പെടുത്തി.

യുപിഎ സർക്കാരിനെ താഴെയിറക്കി 2014ൽ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിലെത്തിച്ച പല കാരണങ്ങളിൽ ‘അവസാനത്തെ ആണി’ രാഹുൽ ഗാന്ധി പാർട്ടിക്കുള്ളിൽ ഉയർത്തിയ കലാപമാണെന്നു പ്രണബ് മുഖർജി പറഞ്ഞിട്ടുള്ളതായി മകൾ ശർമിഷ്ഠ മുഖർജി പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു.  ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് പരസ്യമായി കീറിയതുൾപ്പെടെ രാഹുൽ ഉയർത്തിയ പ്രതിഷേധങ്ങളെയാണ് പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. സ്വന്തം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ രാഹുലിനോടുള്ള വിശ്വാസം പ്രണബിനു നഷ്ടമായെന്നും പുസ്തകത്തിലുണ്ട്.

English Summary:

PM Modi Would Always Touch Pranab Mukherjees feet: Sharmishtha Mukherjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com