ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഭീകരവാദികൾ വിവിധ വിദേശരാജ്യങ്ങളിൽ കൊല്ലപ്പെടുന്നതിലെ അസ്വാഭാവികത ചർച്ചയാകുന്നതിനിടെയാണ്, ഇന്ത്യ നോട്ടമിട്ടിരുന്ന മറ്റൊരു ഭീകരൻ കൂടി പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ലഷ്കറെ തയിബ ഭീകരൻ അദ്‌നാൻ അഹമ്മദാണ് ഇന്നലെ വെടിയേറ്റു മരിച്ചത്. പാക്കിസ്ഥാനിലെ കറാച്ചിയിൽ വച്ചാണ് ഹാൻസ്‌ലാ അഹമ്മദ് എന്നും അറിയപ്പെടുന്ന അദ്‌നാൻ അഹമ്മദിനു വെടിയേറ്റത്. ലഷ്കറെ തയിബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഉറ്റ അനുയായിയാണ് അദ്നാൻ അഹമ്മദ്. വെടിയേറ്റ ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

2015ൽ ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ബിഎസ്‍എഫ് ജവാന്മാർക്കു നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് അദ്നാൻ. രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും 13 ജവാന്മാർക്കു അന്നു പരുക്കേൽക്കുകയും ചെയ്തിരുന്നു. 2016ൽ ജമ്മു കശ്മീരിലെ പാംപോർ മേഖലയിൽ സിആർപിഎഫ് സൈനികർക്കു നേരെ ഭീകരാക്രമണം നടത്തിയതിനു പിന്നിലും അദ്‍നാൻ ആയിരുന്നു. എട്ട് സിആർപിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. 22 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. 

ഖാജ ഷാഹിദ്, ഹർദീപ് സിങ് നിജ്ജാർ. File Photos: @majorgauravarya, @AdityaRajKaul / X_Twitter
ഖാജ ഷാഹിദ്, ഹർദീപ് സിങ് നിജ്ജാർ. File Photos: @majorgauravarya, @AdityaRajKaul / X_Twitter

കഴിഞ്ഞ 20 മാസത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നതാണ് കൗതുകം. 2026നകം ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവർത്തനം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസംഗിച്ചത് ഇന്നലെയാണ്. 2024ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുമെന്നും 2026നകം കശ്മീരിൽനിന്ന് ഭീകരത തുടച്ചുനീക്കുമെന്നുമായിരുന്നു പ്രസംഗം.

പാക്കിസ്ഥാനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സജിദ് മിർ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിലായത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. ലഷ്കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാക്കിസ്ഥാനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ജയിലിൽ വച്ചാണ് സജിദ് മിറിന്റെ ഉള്ളിൽ വിഷം ചെന്നത്.

സജിദ് മിർ. File Photo: FBI / ANI
സജിദ് മിർ. File Photo: FBI / ANI

അതിനും തൊട്ടുമുൻപ് ഡിസംബർ രണ്ടിനാണ് ഖലിസ്ഥാനി ഭീകരൻ ലക്ബിർ സിങ് റോഡ് ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ജയിലിൽവച്ച് മരിച്ചത്. നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ പ്രധാന നേതാവായിരുന്നു. പഞ്ചാബിലെ മോഗ സ്വദേശിയാണ്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാല, ലഖ്ബീർ സിങ്ങിന്റെ അമ്മാവനാണ്. 1984ൽ ഭിന്ദ്രൻവാല കൊല്ലപ്പെട്ടതിനുപിന്നാലെ ലഖ്ബീർ പാക്കിസ്ഥാനിലേക്കു കടന്നു. 1991 മുതൽ ലഹോർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. പഞ്ചാബിലേക്ക് ആയുധക്കടത്തും ഭീകരപ്രവർത്തനവും നടത്തിവരികയായിരുന്നു. വിട്ടുനൽകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട 20 ഭീകരരിൽ ഒരാളാണ്.

2022 മാർച്ച് മുതൽ വിദേശത്തു കൊല്ലപ്പെട്ട ഭീകരർ

2023 നവംബർ


∙ അക്രം ഖാൻ: ലഷ്കറെ തയിബ മുൻ കമാൻഡർ. 2018 മുതൽ 2020 വരെ ലഷ്കറിന്റെ റിക്രൂട്മെന്റ് സെൽ മേധാവി. കടുത്ത ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്കു കുപ്രസിദ്ധൻ. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ഇക്കഴിഞ്ഞ നവംബറിൽ അജ്ഞാതരുടെ ആക്രമണത്തിലാണ് അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്. 

2023 ഒക്ടോബർ

∙ ദാവൂദ് മാലിക്ക്: കുപ്രസിദ്ധ ഭീകരൻ മൗലാന മസൂദ് അസ്ഹറിന്റെ ഉറ്റ അനുയായി. ഭീകര സംഘടനയായ ലഷ്കറെ ജബ്ബാറിന്റെ സ്ഥാപകൻ. പാക്കിസ്ഥാനിലെ ഉത്തര വസീറിസ്ഥാനിൽവച്ച് 2023 ഒക്ടോബറിൽ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി.

∙ ഷാഹിദ് ലത്തീഫ്: കുപ്രസിദ്ധ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ നേതാവ്. 2016ൽ പഠാൻകോട്ടിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ. 2023 ഒക്ടോബറിൽ പഞ്ചാബ് പ്രവിശ്യയിലെ ഡാസ്ക നഗരത്തിൽവച്ച് പ്രാർഥനയ്ക്കിടെ അജ്ഞാതർ വെടിവച്ചു കൊന്നു.

∙ 2023 സെപ്റ്റംബർ

∙ മുഫ്തി ഖൈസർ ഫാറൂഖ്: ഭീകരൻ ഹാഫിസ് സയീദിന്റെ സഹായിയായ ലഷ്കറെ തയിബ അംഗം. കറാച്ചിയിൽ മതസ്ഥാപനത്തിനു സമീപം സെപ്റ്റംബറിൽ വെടിയേറ്റു കൊല്ലപ്പെട്ടു.

∙ മൗലാന സിയാവുർ റഹ്മാൻ: ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ എന്നിവയിൽ അംഗമായ പുരോഹിതൻ. സെപ്റ്റംബറിൽ കറാച്ചിയിൽ വെടിയേറ്റു കൊല്ലപ്പെട്ടു.

∙ സുഖ്‌‍‌ദൂൽ സിങ് (സുഖ ദുനേക): കാനഡ കേന്ദ്രീകരിച്ചു പ്രവർ‌ത്തിക്കുന്ന ഖലിസ്ഥാൻ ഭീകരൻ. വിന്നിപെഗിൽ സെപ്റ്റംബറിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ് ഉത്തരവാദിത്തം ഏറ്റെടുത്തു.

∙ അബു ഖാസിം കശ്മീരി (റിയാസ്): ലഷ്കറെ തയിബയിലെ ഉന്നതാംഗം. സെപ്റ്റംബറിൽ പാക്ക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ പള്ളിയിൽ അജ്ഞാതൻ വെടിവച്ചു കൊന്നു.

∙ സർദാർ ഹുസൈൻ അരെയ്ൻ: നിരോധിത ജമാഅത്ത്–ഉദ്–ധവ, ലഷ്കറെ തയിബ എന്നിവയിലെ അംഗം. ഓഗസ്റ്റിൽ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്‌ഷായിൽ ആക്രമണത്തിൽ പരുക്കേറ്റ് മരണം.

∙ 2023 ജൂൺ

∙ ഹർദീപ് സിങ് നിജ്ജാർ: ജൂണ്‍ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപം അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.

∙ അവതാർ സിങ് ഖണ്ഡ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിക്കാൻ പദ്ധതിയിട്ട ഖലിസ്ഥാൻ നേതാവ്. ജൂൺ 15ന് യുകെയിലെ ബർമിങ്ങാമിൽ വിഷബാധയേറ്റു മരണം.

∙ 2023 മേയ്

∙ ഹാഫിസ് അബ്ദുൽ സലാം ഭുട്ടാവി: ഐക്യരാഷ്ട്ര സംഘടന കൊടും ഭീകരരുടെ പട്ടികയിൽപ്പെടുത്തിയ വ്യക്തി. 2008ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയവർക്ക് പരിശീലനം നൽകി. രണ്ടു തവണ കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്കറെ തയിബയെ നയിച്ചു. 2023 മേയിൽ പാക്ക് ജയിലിൽവച്ച് മരിച്ചു.

∙ പരംജിത് സിങ് പഞ്ജ്‌വാർ: ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) തലവൻ. മേയ് ആറിനു ലഹോറിൽ അജ്ഞാതൻ വെടിവച്ചു കൊന്നു.

∙ 2023 മാർച്ച്

∙ സയീദ് നൂർ ഷാലോബാർ: ഐഎസ്–കെ കമാൻഡർ. മാർച്ചിൽ പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ കൊല്ലപ്പെട്ടു.

∙ മിസ്ത്രി സഹൂർ ഇബ്രാഹിം: 1999ൽ കഠ്മണ്ഡുവിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ സംഘത്തിൽ അംഗം, ജയ്ഷെ മുഹമ്മദ് ഭീകരൻ. 2023 മാർച്ചിൽ കറാച്ചിയിലെ അക്തർ കോളനിയിൽവച്ച് വെടിയേറ്റു മരിച്ചു.

2023 ഫെബ്രുവരി

∙ ഇജാസ് അഹമ്മദ് അഹൻഗാർ: ഐഎസ് കമാൻഡറായ ഇയാൾ ഫെബ്രുവരിയിൽ അഫ്ഗാനിസ്ഥാനിലാണു കൊല്ലപ്പെട്ടത്. താലിബാനാണു കൊന്നതെന്നു കരുതുന്നു.

∙ സയീദ് ഖാലിദ് റാസ: അല്‍-ബദറിന്റെ കമാന്‍ഡര്‍. ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ വെടിയേറ്റു കൊല്ലപ്പെട്ടു.

∙ ബാഷിർ അഹമ്മദ് പീർ (ഇംതിയാസ് ആലം): ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഹിസ്ബുൽ മുജാഹിദ്ദീൻ ലോഞ്ചിങ് കമാന്‍ഡര്‍. ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.

2022

∙ ഹർവീന്ദർ സിങ് സന്ധു: ഭീകരനായി മാറിയ ഗുണ്ട. 2021ൽ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്തിനു നേരെ റോക്കറ്റാക്രമണം നടത്തി. 2022 നവംബറിൽ ലഹോറിൽ ശരീരത്തിൽ അമിതലഹരി സാന്നിധ്യത്തോടെ മരിച്ചനിലയിൽ കണ്ടെത്തി.

∙ ലാൽ മുഹമ്മദ്: ഇന്ത്യയിൽ കള്ളനോട്ട് വിതരണം ഏറ്റെടുത്തയാൾ. പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ ഏജന്റ്. 2022 സെപ്റ്റംബറിൽ നേപ്പാൾ കാഠ്മണ്ഡുവിലെ ഒളിത്താവളത്തിനു പുറത്തു വെടിയേറ്റു കൊല്ലപ്പെട്ടു.

∙ റിപുദമൻ സിങ് മാലിക്: 1985ലെ എയർ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണത്തിൽ പങ്ക്. 2022 ജൂലൈയിൽ കാനഡയിലെ വാൻകൂവറിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.

∙ സഹൂർ മിസ്ത്രി: 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിലെ പ്രതി. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഇയാൾ പാക്കിസ്ഥാനിലെ കറാച്ചിയില്‍ 2022 മാര്‍ച്ചിൽ വെടിയേറ്റു കൊല്ലപ്പെട്ടു.

English Summary:

Suspected terrorists wanted by India beking killed in foreign soil by 'unknown gunmen'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com