ഒഡിഷയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; 5 പേർ അറസ്റ്റിൽ
Mail This Article
ഭുവനേശ്വർ ∙ ഒഡിഷയിലെ ഹരിപുരില്‍ സൈനികനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ രണ്ടു സംഘങ്ങൾ തമ്മിലുള്ള മുൻ വൈരാഗ്യത്തിന്റെ പേരിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സൈനികൻ ദിലേശ്വർ പത്രയെ മർദനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതമായി പരുക്കേറ്റ ദിലേശ്വറിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബുധനാഴ്ച മരിക്കുകയുമായിരുന്നു.
പത്ത് ദിവസം മുൻപ് അവധിയിൽ നാട്ടിലെത്തിയതായിരുന്നു ദിലേശ്വർ. ഞായറാഴ്ച ഗോപാൽപുരിൽ ക്രിക്കറ്റ് മത്സരം കാണാനെത്തുകയും പിന്നീട് മറ്റൊരു സംഘവുമായി വഴക്കുണ്ടാവുകയും ചെയ്തു. ഇതിനേത്തുടർന്നാണ് ദിലേശ്വറിന് ക്രൂരമര്‍ദനത്തിന് ഇരയാവേണ്ടിവന്നത്. ആദ്യം സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.