കുളിമുറിയിൽ വഴുതി വീണ് ഇടുപ്പ് എല്ലിന് ഒടിവ്: കെസിആർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും
Mail This Article
ഹൈദരാബാദ്∙ ഹൈദരാബാദിലെ വസതിയിലെ കുളിമുറിയിൽ വഴുതി വീണ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (69) ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പരുക്കേറ്റത്. ഹൈദരാബാദിലെ യശോദ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. സിടി സ്കാനിൽ ഇടത് ഇടുപ്പ് എല്ലിന് ഒടിവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
കെസിആറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ, ഇടത് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 6–8 ആഴ്ച വരെ ചികിത്സ വേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ, കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം വസതിയിൽ വച്ച് ആളുകളുമായി കൂടിക്കാഴ്ച നടത്തിവരുകയായിരുന്നു.
കെസിആർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ (ട്വിറ്റർ) കുറിച്ചു. ‘‘തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആറിന് പരുക്കേറ്റുവെന്നറിഞ്ഞതിൽ വിഷമമുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു’’– പ്രധാനമന്ത്രി എക്സിൽ കുറിച്ചു.