ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക അടിയന്തരാവസ്ഥ (360–ാം വകുപ്പ്) ശുപാർശ ചെയ്യാൻ മടിക്കില്ലെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗവര്‍ണറുടെ ശ്രമം തീക്കളിയാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ മാത്രമെന്നും ഗോവിന്ദന്‍ പറഞ്ഞു. 

‘‘കേരള സർക്കാരിനെ ലക്ഷ്യംവച്ചുകൊണ്ട് ഗവർണർ ഇപ്പോൾ പറയുന്ന 360–ാം വകുപ്പ്, കേരളത്തിൽ നടപ്പിലാക്കും എന്ന ഭീഷണിയൊന്നും വിലപ്പോവുന്ന ഒന്നല്ലെന്ന് വ്യക്തമാക്കുന്നു. ഇത് തീക്കളിയാണ് എന്നാണ് ചൂണ്ടിക്കാണിക്കാനുള്ളത്. കേരള ജനത ഈ നീക്കത്തെ അതിശക്തിയായി എതിർക്കുക തന്നെ ചെയ്യും. കാവിവൽക്കരണത്തിന്റെ ഭാഗമായി എടുത്തുകൊണ്ടിരിക്കുന്ന നിലപാടിനെതിരായും ശക്തമായ സമരങ്ങളും പ്രക്ഷോഭവും കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. 

സർവകലാശാല റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകൾ പലതും ഡബിൾ എപ്ലസ്, എപ്ലസ് റാങ്കുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ ഈ മുന്നേറ്റം തടയപ്പെടാനാണ് ഇപ്പോള്‍ ബോധപൂർവം ഗവർണറെ ഉപയോഗപ്പെടുത്തി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആർഎസ്എസ് മേധാവിയെ അങ്ങോട്ടുപോയി കണ്ട് ആശയവിനിമയം നടത്തിയിട്ടുള്ള ഗവർണറാണ് നമ്മുടെ ഗവർണർ എന്നുള്ളതുകൊണ്ട് ഇതുമാത്രമല്ല, ഇതിന്റെ അപ്പുറവും കടക്കാനുള്ള സംഘപരിവാറിന്റെ അ‍ജണ്ട നമുക്ക് ഇനിയും പ്രതീക്ഷിക്കാവുന്നതാണ്. ‌

ഗവർണറുടെ ഓരോ നീക്കവും കേരളത്തിലെ വിദ്യാഭ്യാസമേഖലയെയും ജനാധിപത്യസംവിധാനത്തെയും തകർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ നടത്തിയ നോമിനേഷനുകൾ പരിശോധിച്ചാൽ, ആർഎസ്എസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ പ്രവര്‍ത്തിക്കുന്ന, സെനറ്റിലേക്ക് നോമിനേഷൻ നല്‍കാൻ യാതൊരു യോഗ്യതയും ഇല്ലാത്ത ആളുകളെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത് ’’– അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

MV Govindan against Kerala Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com