‘ആഴ്ചയിലൊന്ന് യോഗാ പരിശീലനം, വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും പരമാവധി അവധി’: നിർദേശങ്ങളുമായി ഡിജിപി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഡിജിപി എസ്. ദർവേഷ് സാഹിബ്. സമ്മർദം ലഘൂകരിക്കുന്നതിനായി വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും പരമാവധി അവധി നൽകണം. ആഴ്ചയിൽ ഒരുദിവസം യോഗ പരിശീലിപ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ കണ്ടെത്തി സ്റ്റേഷനിൽ തന്നെ മെന്ററിങ് നൽകണമെന്നും ഡിജിപിയുടെ നിർദേശമുണ്ട്.
ഒൻപതു നിർദേശങ്ങളാണ് ഡിജിപി മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാം പൊലീസുകാരുടെ ആത്മഹത്യയെ കുറിച്ചു നടത്തിയ പഠനത്തെ തുടര്‍ന്നാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്.
2019ന്ശേഷം 69 പേരാണ് സംസ്ഥാനത്തെ പൊലീസ് സേനയില്‍ ജീവനൊടുക്കിയത്. കുടുംബപരവും ആരോഗ്യപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്കൊപ്പം ജോലിസമ്മർദവും പൊലീസുകാരെ ആത്മഹത്യയിലേക്കു നയിക്കുന്നു എന്ന കണ്ടെത്തലുണ്ട്.