ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി ജയിച്ച 3 സംസ്ഥാനങ്ങളിൽ ആരൊക്കെ മുഖ്യമന്ത്രിമാരാകുമെന്നതു സംബന്ധിച്ച ഉദ്വേഗം തുടരുന്നതിനിടെ, മൂന്നു സംസ്ഥാനങ്ങളിലേക്കും കേന്ദ്രമന്ത്രിമാർ ഉൾപ്പെടുന്ന നിരീക്ഷക സംഘത്തെ നിയോഗിച്ച് പാർട്ടി ദേശീയ നേതൃത്വം. ബിജെപി ജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന നടപടികൾക്കു നേതൃത്വം നൽകാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ടെ, സർബാനന്ദ സോനോവാൾ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയവരാണ് ഒൻപതംഗ നിരീക്ഷക സംഘത്തിലുള്ളത്.

ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച് ഞായറാഴ്ചയോടെ തീരുമാനം അറിയിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നതെങ്കിലും വലിയ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്നു സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ നിയോഗിച്ചത്. ഇവർ സംസ്ഥാനങ്ങളിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് അന്തിമ തീരുമാനമെടുക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, രാജ്യസഭാ എംപി സരോജ് പാണ്ഡെ എന്നിവരാണ് രാജസ്ഥാന്റെ ചുമതലയുള്ള നിരീക്ഷകർ. ഇവിടെ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന വസുന്ധര രാജെ ഇന്നലെ ന്യൂഡൽഹിയിലെത്തി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ചർച്ച നടത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടക്കം പുതുമുഖങ്ങളെ പരീക്ഷിക്കുമെന്ന് അഭ്യൂഹങ്ങളുയർന്ന സാഹചര്യത്തിലാണ് വസുന്ധരയുടെ നീക്കം. ദിയാകുമാരി, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവരുടെ പേരും സജീവമായുണ്ട്.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഒബിസി മോർച്ച ദേശീയ പ്രസിഡന്റ് കെ.ലക്ഷ്മൺ, ദേശീയ സെക്രട്ടറി ആശാ ലക്ര എന്നിവർക്കാണ് മധ്യപ്രദേശിന്റെ ചുമതല. ഇവിടെ ശിവ്‌രാജ് സിങ് ചൗഹാൻ സ്വയം പിന്മാറിയ മട്ടിൽ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയെങ്കിലും അദ്ദേഹത്തിന്റെ അനുയായികളും തൃപ്തരല്ല. നരേന്ദ്ര സിങ് തോമർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും അദ്ദേഹത്തിന്റെ മകന്റെ പേരിലുയർന്ന അഴിമതി ആരോപണങ്ങൾ തടസ്സമാകാനിടയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയും പ്രഹ്ലാദ് സിങ് പട്ടേൽ ഉപമുഖ്യമന്ത്രിയും ആകുമെന്ന പ്രചാരണങ്ങളുമുണ്ട്.

കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ടെ, സർബാനന്ദ സോനോവാൾ, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരെ ഛത്തീസ്ഗഡിലേക്കും നിയോഗിച്ചു. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന ഗോത്രവർഗ നേതാവും കേന്ദ്രമന്ത്രിയുമായ രേണുക സിങ് നഡ്ഡയെ സന്ദർശിച്ചിരുന്നു. രമൺ സിങ്ങിനെ പരിഗണിക്കില്ലെന്ന സൂചന ശക്തമാണെങ്കിലും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തിറങ്ങിയിട്ടുണ്ട്.

English Summary:

Rajnath Singh, ML Khattar Part Of BJP Team To Help Pick 3 Chief Ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com