ADVERTISEMENT

ന്യൂഡൽഹി∙ പണപ്പെരുപ്പം ഉയരാത്തതും മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ  ഇത്തവണയും റിസർവ് ബാങ്ക് പലിശ നിലക്ക് കൂട്ടിയില്ല. റീപ്പോ നിരക്ക് തുടർച്ചയായ അഞ്ചാം തവണയും 6.5 ശതമാനത്തിൽ തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. പലിശ നിരക്ക്  തീരുമാനിക്കുന്ന ആർബിഐ പണനയസമിതിയുടെ (എംപിസി) യോഗത്തിലാണ് തീരുമാനം. റീപ്പോ നിരക്ക്  അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിലെ വളർച്ചാ അനുപാതം 7 ശതമാനമാക്കി ഉയർത്തും. 

വരും മാസങ്ങളിൽ ഭക്ഷ്യസാധനങ്ങൾ വില കുതിച്ചുയരുമെന്ന ആശങ്കയുണ്ടെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുക എന്നത് പ്രധാന ലക്ഷ്യമായി മുന്നിൽ കണ്ടാണ് പലിശനിരക്ക് 6.5 ശതമാനത്തിൽ നിലനിർത്താനുള്ള തീരുമാനം. തുടർച്ചയായി 6 തവണത്തെ വർധനയ്ക്കുശേഷം ഏപ്രിലിലാണ് പലിശനിരക്ക് വർധനയിൽ ആർബിഐ ആദ്യമായി ഇടവേളയെടുത്തത്. പിന്നീടുള്ള മാസങ്ങളിൽ പലിശനിരക്കിൽ മാറ്റമുണ്ടായിട്ടില്ല. നിലവിലെ പലിശനിരക്ക് തുടരാനുള്ള റിസർവ് ബാങ്ക് പണനയസമിതിയുടെ (എംപിസി) തീരുമാനം ഇത്തവണയും ഏകകണ്ഠമാണ്. 

അതേസമയം, ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം നിഫ്റ്റി റെക്കോർഡ് നേട്ടത്തിൽ. ആദ്യമായി സൂചിക 21,000 കടന്നു. അതുപോലെ യുപിഐ വഴിയുള്ള പണമിടപാടുകളുടെ പരിധി ഒരു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായി ഉയർത്തി. ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇടപാടുകൾക്കുള്ള പരിധിയാണ് ഉയർത്തിയതെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ ആപ്പുകള്‍ വഴി പരമാവധി അഞ്ച് ലക്ഷം രൂപവരെ കൈമാറാന്‍ കഴിയും.

എന്താണ് റീപ്പോ, റിവേഴ്സ് റിപ്പോ നിരക്ക്? 

റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്‌പയിന്മേൽ ഈടാക്കുന്ന പലിശയുടെ നിരക്കാണു റീപ്പോ. അതിന്റെ വർധന ബാങ്കുകളുടെ സാമ്പത്തികഭാരം വർധിപ്പിക്കുന്നു. അങ്ങനെ പലിശ നിരക്കുകളുടെ വർധനയ്‌ക്കു സാധ്യതയുണ്ടാകുന്നു. വാണിജ്യ ബാങ്കുകളുടെ പക്കൽനിന്നു മിച്ചപ്പണം കടമെടുക്കുമ്പോൾ റിസർവ് ബാങ്ക് നൽകുന്ന പലിശയുടെ നിരക്കിനാണു റിവേഴ്‌സ് റീപ്പോ നിരക്ക് എന്നു പറയുന്നത്. വിദേശത്തെ പലിശ നിരക്കുകളുമായുള്ള വ്യത്യാസം നിലനിർത്താനും നാണ്യപ്പെരുപ്പ സമ്മർദത്തെ ലഘൂകരിക്കാനും മറ്റുമാണു റിവേഴ്‌സ് റീപ്പോ നിരക്കുകളിൽ മാറ്റം വരുത്തുന്നത്.

English Summary:

Reserve Bank Of India Keeps Key Lending Rate Unchanged At 6.5%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com