ബാങ്ക് ജീവനക്കാർക്കു 17 ശതമാനം ശമ്പളവര്‍ധന നൽകാൻ ധാരണ; 2022 നവംബർ ഒന്നു മുതൽ ബാധകം
Mail This Article
ന്യൂഡല്‍ഹി∙ ബാങ്ക് ജീവനക്കാര്‍ക്ക് 17% ശമ്പളവര്‍ധന നല്‍കാന്‍ ധാരണയായി. ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും (യുഎഫ്ബിയു) തമ്മില്‍ ഇന്നലെ വൈകിട്ടോടെ ഉഭയകകക്ഷി കരാര്‍ ഒപ്പുവച്ചു. പല തവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക തീരുമാനം. 2022 നവംബര്‍ 1 മുതല്‍ 5 വര്‍ഷത്തേക്കാണ് ശമ്പളവര്‍ധന ബാധകമാവുക.
കഴിഞ്ഞ തവണത്തെ വര്‍ധന 15 ശതമാനമായിരുന്നു.1986 മുതലുള്ള പെന്‍ഷന്‍കാരുടെ പെന്‍ഷനിലും വര്‍ധനയുണ്ടാകുമെന്നാണ് സൂചന.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിനു മുന്നില്‍ ഐബിഎ വച്ചിട്ടുണ്ട്. ഇതിലും വൈകാതെ തീരുമാനമുണ്ടായേക്കും.
യുഎഫ്ബിയു കണ്‍വീനര്‍ സഞ്ജീവ് കെ.ബന്ദ്ലിഷിന്റെ നേതൃത്വത്തിലാണ് സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.ഏറെക്കുറേ എല്ലാ ബാങ്കുകളും സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച വച്ച വർഷമായതിനാൽ ശമ്പളവർധനയ്ക്ക് കാര്യമായ തടസ്സമുണ്ടായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരും അനുകൂല നിലപാടാണ് സ്വീകരിച്ചത്. 5 വർഷത്തിലൊരിക്കലാണ് ഉഭയകക്ഷി ചർച്ചയിലൂടെ ശമ്പളവർധന തീരുമാനിക്കുന്നത്.