ADVERTISEMENT

കോട്ടയം ∙ കരാർ പണികളുടെ തുക കൊടുക്കാനുള്ള കേസിൽ പൊതുമരാമത്ത് വകുപ്പിന്റെ 4 വാഹനങ്ങളും പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന്റെ 10 സെന്റ് സ്ഥലവും ജപ്തി ചെയ്തു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിലെ ഒരു ജീപ്പും 5 സെന്റ് സ്ഥലവും ലേലത്തിൽ പോയതിനു തൊട്ടുപിന്നാലെയാണ് പുതിയ ജപ്തി. ഇതേസമയം കേസുകളിൽ സർക്കാർ തുടർച്ചയായി തോൽക്കുന്നതു സംബന്ധിച്ച് വകുപ്പുതല വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തു. കേസുകളിൽ അപ്പീൽ നൽകാത്തതും അന്വേഷണത്തിന്റെ പരിധിയിൽ വരും.

കരാറുകാർക്കു കൊടുക്കാനുള്ള 3 കോടി രൂപ കുടിശികയായതോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള പിഡബ്ല്യുഡിയുടെ ഒരേക്കർ ഭൂമിയും അതിലെ കെട്ടിടങ്ങളും 2022 ഡിസംബറിൽ പ്രിൻസിപ്പൽ സബ് കോടതി ജപ്തി ചെയ്തിരുന്നു. ഇതിൽ 5 സെന്റാണ് കഴിഞ്ഞയാഴ്ച ലേലത്തിൽ പോയത്. അതിനു മുൻപ് ഒരു ജീപ്പും മറ്റൊരു കരാറുകാരൻ ലേലത്തിൽ വാങ്ങിയിരുന്നു.

കരാറുകാരായ പി.ടി.തോമസ്, ടിറ്റോ തോമസ്, കുരുവിള കുരുവിള എന്നിവർ നൽകിയ പുനർ ഹർജിയിലാണ് സബ് കോടതിയും മുൻസിഫ് കോടതിയും ഇപ്പോൾ പുതിയ ജപ്തി ഉത്തരവിട്ടത്. ഇവർ നൽകിയിട്ടുള്ള മുപ്പതോളം കേസുകളിൽ 4 കേസുകൾ പ്രത്യേകം പരിഗണിച്ചാണ് ഒരു കാറും 3 ജീപ്പുകളും പത്ത് സെന്റും ജപ്തി ചെയ്തത്. ലേല സമയത്ത് മാത്രമേ വാഹനങ്ങൾ കോടതി വളപ്പിലേക്ക് മാറ്റുകയുള്ളു. ഇതോടെ പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയത്തുള്ള എല്ലാ വാഹനങ്ങളും ജപ്തിയായി. പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന്റെ 10 സെന്റ് സ്ഥലം ജപ്തി ചെയ്ത കേസിൽ പണം അടയ്ക്കാൻ വകുപ്പ് സാവകാശം ചോദിച്ചിട്ടുണ്ട്. കരാറുകാർക്കു വേണ്ടി ആർ.വിക്രമൻ നായർ, രാജീവ് പി.നായർ, ഡെന്നി ജോസ് മാത്യു എന്നിവർ കോടതിയിൽ ഹാജരായി. കേസുകൾ വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ വർഷം നടന്ന വകുപ്പുതല അന്വേഷണത്തിൽ കേസുകളുമായി ബന്ധപ്പെട്ട പഴയ ഫയലുകൾ ഓഫിസിൽ നിന്നു കാണാതായതു സംബന്ധിച്ചു ജീവനക്കാർ മൊഴി നൽകിയിരുന്നു. നവകേരള സദസ്സ് കോട്ടയത്ത് എത്തുമ്പോൾ ബാക്കി വല്ലതും ഉണ്ടാകുമോയെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ ആശങ്ക.

വർഷങ്ങൾ പഴക്കമുള്ള കേസുകളാണ് പലതും. കരാർ തുക നൽകാൻ വൈകിയതു മൂലം പലിശ ആവശ്യപ്പെട്ടുള്ള ഹർജികളാണ് നിലവിലുള്ളത്. വിഷയങ്ങൾ സംബന്ധിച്ച് അതത് സമയത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാറുണ്ട്.

– ജോസ് രാജൻ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ, കോട്ടയം.

കരാറുകാരുടെ കുടിശിക സംബന്ധിച്ച് കേസുകൾ കോടതിയിൽ എത്തുന്നത് ഒഴിവാക്കുകയാണ് അഭികാമ്യം. ഫയലുകളുടെ കൃത്യത ഇല്ലായ്മ. അതത് കാലങ്ങളിലെ എൻജിനീയർമാരുടെ കുറിപ്പുകൾ. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം. പല പബ്ലിക് പ്രോസിക്യൂട്ടർമാർ കേസുകൾ കൈകാര്യം ചെയ്യുക. തോൽവിയുടെ കാരണങ്ങൾ ഇങ്ങനെ പലതാണ്.

– അനീഷ് രാമകൃഷ്ണൻ ( മുൻ പബ്ലിക് പ്രോസിക്യൂട്ടറും മുൻ ഗവൺമെന്റ് പ്ലീഡറും.)

English Summary:

To pay the amount of contract works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com