ADVERTISEMENT

വാഷിങ്ടൻ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോകളിൽനിന്ന് വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നരാക്കി കാട്ടുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി കൂടുന്നതായി ഗവേഷകർ.  സ്ത്രീകളുടെ ഫോട്ടോകളിൽനിന്ന് അവരുടെ വസ്ത്രങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പുകളാണ് ഇവ. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകളാണ് ഇത്തരത്തിലുള്ള ‘വസ്ത്രമുരിയൽ’ വെബ്സൈറ്റുകളിൽ സന്ദർശനം നടത്തിയതെന്നാണ് സോഷ്യൽ നെറ്റ്വർക് അനാലിസിസ് കമ്പനിയായ ഗ്രാഫിക്കയുടെ റിപ്പോർട്ട്. എഐയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന ഡീപ് ഫെയ്ക് ഫോട്ടോകൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. 

സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കാണിക്കുന്ന ഇത്തരം വെബ്സൈറ്റുകളുടെ മാർക്കറ്റിങ് ജനപ്രിയ സമൂഹമാധ്യമങ്ങളിലൂടെയാണെന്നും ഗ്രാഫിക്ക അറിയിച്ചു. ഈ വർഷം ആദ്യം മുതൽ ഇത്തര ആപ്പുകളുടെ പരസ്യ ലിങ്കുകളുടെഎണ്ണം സമൂഹമാധ്യമത്തിൽ 2400 ശതമാനത്തിലധികം വർധിച്ചതായി ഗ്രാഫിക്ക ചൂണ്ടിക്കാട്ടി. എക്സ്, റെഡിറ്റ് എന്നീ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ലിങ്കുകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  പ്രചാരണം മാത്രമല്ല ഈ ആപ്പുകൾ പണം വാങ്ങി നൽകുന്ന സേവനങ്ങൾ വാങ്ങാനും ആളുണ്ട്. ഈ ആപ്പുകളിൽ പ്രവേശിക്കുന്ന ആളുകൾ ഒരു മാസം 9.99 ഡോളർ ഈടാക്കുന്ന സേവനങ്ങൾ വാങ്ങാനും വൻ തിരക്കാണ്. ഒരു ദിവസം ആയിരത്തോളം ഉപയോക്താക്കൾ തങ്ങൾക്ക് ഉണ്ടെന്നാണ് ഇത്തരത്തിൽ ഒരു വെബ്സൈറ്റ് അറിയിച്ചതെന്നും ഗ്രാഫിക്ക പറയുന്നു.   

സമൂഹമാധ്യമങ്ങളിൽനിന്നും മറ്റും ചിത്രങ്ങളെടുത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ നഗ്നരാക്കി പുനസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കൂടുതലും സ്ത്രീകളാണ് ഇരകളാകുന്നതെന്ന് ഗവേഷകർ പറയുന്നു. ഡീപ് ഫെയ്ക് പോണോഗ്രഫി എന്ന് ഇത് അറിയപ്പെടുന്നതായും ഇവർ അഭിപ്രായപ്പെട്ടു.  ‘യാഥാർഥ്യമെന്നു തോന്നിക്കുന്നത് സൃഷ്ടിക്കാൻ കഴിയും’ എന്നാണ് ഗ്രാഫിക്ക പറയുന്നത്. 

എക്സ് പ്ലാറ്റ്ഫോമിൽ വന്നൊരു പരസ്യത്തെ കുറിച്ച് ഗ്രാഫിക്ക വിശദീകരിക്കുന്നത് ഇങ്ങനെ:  നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ച് ഏതൊരാളുടെയും നഗ്നചിത്രം സൃഷ്ടിച്ച് അത് അവർക്കു തന്നെ അയച്ചുകൊടുക്കാനാകും. അതുവഴി അവരെ ഭീഷണിപ്പെടുത്താനാകുമെന്നും അവർ പറഞ്ഞുവയ്ക്കുന്നു. യുട്യൂബിൽ ഇത്തരത്തിൽ ഒരു ആപ്പ് പെയ്ഡ് പ്രമോഷൻ നൽകുന്നുണ്ട്. ‘ന്യൂഡിഫൈ’ എന്ന് തിരയുമ്പോൾ ആദ്യം എത്തുന്നതും ഈ ആപ്പിന്റെ പരസ്യമാണ്.  

അതേസമയം ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങുന്ന പരസ്യങ്ങൾ‌ നൽകാറില്ലെന്നാണ് ഗൂഗിളിന്റെ വക്താവ് അറിയിച്ചു. ‘നിങ്ങളുടെ  പറഞ്ഞത് അനുസരിച്ച് അത്തരം പരസ്യങ്ങൾ പരിശോധിച്ചെന്നും അവ നീക്കം ചെയ്യുമെന്നും’ ഗൂഗിൾ അറിയിച്ചതായും ഗ്രാഫിക്ക പറഞ്ഞു. റെഡിറ്റും ഇതേ അഭിപ്രായം അറിയിച്ചപ്പോൾ എക്സ് പ്രതികരിച്ചിട്ടില്ലെന്നും ഗ്രാഫിക്ക പറഞ്ഞു.  സെലിബ്രിറ്റികളുടെ ഡീപ് ഫെയ്ക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നുണ്ട്. എന്നാൽ സാധാരണക്കാർ തങ്ങളുടെ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതിനായും ഇത്തരം ആപ്പുകളുടെ സേവനം കൂടുതലായി ഉപയോഗിക്കുന്നെന്നും ഹൈസ്കൂൾ കുട്ടികളിലും കോളജ് വിദ്യാർഥികൾക്കിടയിലും ഇത് സുലഭമാണെന്നും ഗ്രാഫിക്ക ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ ഇത്തരം ആപ്പുകളെ നിരോധിക്കുന്ന പ്രത്യേക നിയമങ്ങളൊന്നും രാജ്യാന്തര തലത്തിൽ ഇന്ന് നിലവിലില്ല. അതേസമ‌യം പ്രായപൂർത്തിയാകാത്തവരുടെ ഇത്തരം ചിത്രങ്ങൾ നിർമിക്കുന്ന് യുഎസ് സർ‌ക്കാർ വിലക്കിയിട്ടുണ്ട്.   നവംബറിൽ ഇത്തരത്തിലുള്ള ആപ്പ് ഉപയോഗിച്ച്  തന്റെ അടുത്തെത്തിയ നാൽപതോളം രോഗികളുടെ നഗ്ന ചിത്രങ്ങൾ സൃഷ്ടിച്ച കുട്ടികളുടെ  സൈക്യാർട്ടിസ്റ്റിനെ നോർത്ത് കരോലിനയിൽ 40 വർഷം തടവിന് ശിക്ഷിച്ചു. ടിക്ടോക് ‘അൺഡ്രസ്’ എന്ന കീവേർഡ് നിരോധിച്ചിട്ടുണ്ട്. മെറ്റയും ഇത്തരം നടപടികളിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ട്. 

English Summary:

Apps That Use AI To Undress Women In Photos Gaining Popularity: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com