തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടയാൾ മോദിക്ക് ഒപ്പവും വേദിയിൽ; ചിത്രം ട്വീറ്റ് ചെയ്ത് സിദ്ധരാമയ്യ
Mail This Article
ബെംഗളൂരു ∙ ഐഎസ് തീവ്രവാദ ബന്ധമുള്ള സൂഫി മുസ്‌ലിം പണ്ഡിതനുമായി താൻ വേദി പങ്കിട്ടെന്ന് ആരോപിച്ച ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ വെട്ടിലാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ.
യത്നൽ ആരോപണം ഉന്നയിച്ച സയദ് തൻവീർ ഹഷ്മി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും ഒപ്പം സമ്മേളനത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാത്തതിനെ തുടർന്ന് പരിഭവമുള്ള യത്നൽ യഥാർഥത്തിൽ മോദിയോടും കേന്ദ്ര നേതൃത്വത്തോടുമുള്ള പ്രതികാരം തീർക്കാനാണ് തനിക്കെതിരെ നാടകീയമായി ആരോപണം ഉന്നയിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഹഷ്മിക്ക് ഐഎസ് ബന്ധമുണ്ടെങ്കിൽ മോദി ഉടൻ അന്വേഷണം പ്രഖ്യാപിക്കണം. അതിനു തയാറല്ലെങ്കിൽ യത്നലിനെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഹുബ്ബള്ളിയിൽ 4ന് നടന്ന ഒൗലാദെ ഘൗസെ അസം കൺവൻഷനിലാണ് സയദ് തൻവീർ ഹഷ്മിയുമായി മുഖ്യമന്ത്രി വേദി പങ്കിട്ടത്.
തീവ്രവാദ ബന്ധം തെളിയിച്ചാൽ രാജ്യം വിടാൻ തയാറാണെന്നും സർക്കാർ ഇക്കാര്യം അന്വേഷിക്കട്ടെയെന്നും ഹഷ്മി പ്രതികരിച്ചിരുന്നു.