കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രതി നവാബ് മാലിക്കിനെ തള്ളണോ കൊള്ളണോ; അജിത് പക്ഷത്ത് ആശയക്കുഴപ്പം
Mail This Article
മുംബൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ മുൻ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഒപ്പം നിർത്തുന്നതിനെക്കുറിച്ച് എൻസിപി അജിത് പവാർ പക്ഷത്ത് ആശയക്കുഴപ്പം.
ഈ വിഷയത്തിൽ മാലിക്കിന്റെ ഉള്ളറിയാൻ അദ്ദേഹത്തോട് സംസാരിക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ ഇന്നലെ പറഞ്ഞു. നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ച വ്യാഴാഴ്ച, മാലിക് അജിത് വിഭാഗത്തോടൊപ്പം ഇരുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കത്തെഴുതിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഫഡ്നാവിസിന്റെ കത്ത് ലഭിച്ചുവെന്ന് സ്ഥിരീകരിച്ച അജിത്, മാലിക്കിന്റെ നിലപാടു കേട്ട ശേഷം പാർട്ടിയുടെ നിലപാട് വ്യക്തമാക്കുമെന്നു കൂട്ടിച്ചേർത്തു. ശരദ് പവാറിന്റെ വിശ്വസ്തനായിരുന്ന സീനിയർ നേതാവിനെ തങ്ങളുടെ പക്ഷത്ത് എത്തിച്ച് കരുത്തുകൂട്ടാൻ അജിത് പക്ഷം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ബിജെപിയും ഫഡ്നാവിസും എതിർത്തതോടെ ആശയക്കുഴപ്പത്തിലായി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 ഫെബ്രുവരിയിൽ ഇ.ഡി. അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒന്നരവർഷത്തോളം ജയിലിലായിരുന്ന മാലിക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ് ജാമ്യത്തിൽ ഇറങ്ങിയത്.
മിർച്ചിയുമായി ബന്ധമുള്ളവരുടെ പേരുകളും വെളിപ്പെടുത്തണം: ധൻവെ
മുംബൈ ∙ അന്തരിച്ച അധോലോക കുറ്റവാളി ഇഖ്ബാൽ മിർച്ചിയുമായി ബന്ധമുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തയച്ചതായി നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ധൻവെ (ശിവസേന ഉദ്ധവ് വിഭാഗം). എൻസിപി അജിത് പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെ ലക്ഷ്യമിട്ടാണ് ധൻവെയുടെ നീക്കം. മിർച്ചിയുമായി ബന്ധപ്പെട്ട കേസിൽ പ്രഫുൽ പട്ടേലിന്റെ വർളിയിലെ ഫ്ലാറ്റുകൾ നേരത്തേ ഇ.ഡി. കണ്ടുകെട്ടിയിരുന്നു.