ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്, ഹൈക്കോടതി ഇടപെട്ടു; ദർശന സമയം നീട്ടാനാവില്ലെന്ന് തന്ത്രി

Mail This Article
കൊച്ചി∙ ശബരിമലയിൽ ഭക്തരുടെ തിരക്കു തുടരുന്നതിനിടെ അടിയന്തര ഇടപെടലുമായി ഹൈക്കോടതി. ദർശന സമയം രണ്ടു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്നു ഹൈക്കോടതി ആരാഞ്ഞു. എന്നാൽ നിലവിൽ 17 മണിക്കൂറുള്ള ദർശന സമയം നീട്ടാൻ കഴിയില്ലെന്ന് തന്ത്രി വ്യക്തമാക്കി.
അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം 15 ആക്കി നിയന്ത്രിച്ചതായും തന്ത്രിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഭക്തർ വരിതെറ്റിച്ചു തിക്കുംതിരക്കും ഉണ്ടാക്കുന്നത് നിയന്ത്രിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാരിക്കേഡ് തകര്‍ത്ത് ഭക്തര്‍ തള്ളിക്കയറുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കി.
തിക്കുംതിരക്കും ഉണ്ടാകാതിരിക്കൽ ഉറപ്പാക്കണമെന്നു ചീഫ് പൊലീസ് കോർഡിനേറ്റർക്ക് കോടതി നിർദേശം നൽകി. ഷെഡ്ഡിലും ക്യു കോപ്ലെക്സിലുമുള്ള ഭക്തർക്കു ചുക്കുവെള്ളവും ബിസ്ക്കറ്റും കൊടുക്കാൻ നടപടി സ്വീകരിക്കാനും ശബരിമല സ്പെഷൽ കമ്മീഷണർ ഓഫിസിലുള്ള എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനും ദേവസ്വം ബോർഡ് സ്പെഷൽ ഓഫിസർക്കും നിർദേശം നൽകി. ആവശ്യത്തിന് വൊളണ്ടിയർമാരെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.