കേന്ദ്രഫണ്ട് കിട്ടുന്നില്ല; പ്രധാനമന്ത്രിയെ കാണാന്‍ മമത ഡല്‍ഹിയിലേക്ക്
Mail This Article
കൊല്‍ക്കത്ത∙ കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിനു ലഭിക്കാനുള്ള തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിനായി അനുവദിച്ച 800 കോടി രൂപയോളം കിട്ടാനുണ്ടെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ഈ മാസം 18 മുതല്‍ 20 വരെയുള്ള ഏതെങ്കിലും ദിവസം പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.
ഡല്‍ഹിയില്‍ എംപിമാര്‍ക്കൊപ്പമാണു പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക. സംസ്ഥാനത്തുനിന്ന് ജിഎസ്ടി സമാഹരിക്കുന്ന കേന്ദ്രം അതിന്റെ വിഹിതം സംസ്ഥാനത്തിന് നല്‍കുന്നില്ല. തൊഴിലുറപ്പ് ഉള്‍പ്പെടെ വിവിധ കേന്ദ്രപദ്ധതികള്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതയുള്ള വിവിധ ഫണ്ടുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഇതു മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും മമത പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിപ്രകാരം ചെയ്തുതീര്‍ത്ത ജോലികള്‍ക്കു പണം നല്‍കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങള്‍ക്കു പണം നല്‍കുന്ന കേന്ദ്രം എന്തുകൊണ്ടാണ് ബംഗാളിനു ഫണ്ട് നല്‍കാത്തതെന്നും മമത ചോദിച്ചു.