ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർദേശം നൽകി.  അവധി ദിനങ്ങളായതിനാൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പൊലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദേശം നൽകി. തീർഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു.

ശബരിമലയിൽ നിയന്ത്രണാതീതമായ രീതിയിലാണ് ഇന്നും ഭക്തജന തിരക്ക്. മണിക്കൂറുകളായി കാത്തു നിന്ന് വലഞ്ഞ ഭക്തർ പലയിടങ്ങളിലും വേലിപൊളിച്ച് നിരതെറ്റിച്ച് കയറി. ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജിയടക്കം നിരവധി പേർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. വൻ തിരക്ക് ഉണ്ടായിട്ടും സന്നിധാനത്തെ ആംബുലൻസ് സേവനം അപര്യാപ്തമാണ്.

മണിക്കൂറിൽ 400 മുതൽ 4200 തീർഥാടകരിൽ കുറയാതെ പതിനെട്ടാംപടി കയറ്റി വിട്ടാൽ മാത്രമേ ശരിയായ രീതിയിലുള്ള തിരക്കു നിയന്ത്രണം സാധ്യമാകുവെന്ന് പൊലീസിനു കഴിഞ്ഞ ദിവസം ലഭിച്ച നിർദേശത്തിലുണ്ട്. ഡിവൈഎസ്പിമാർ ഇടയ്ക്കിടെ ക്യൂവിന്റെ സ്ഥിതി മനസ്സിലാക്കി പടികയറ്റുന്നതിൽ വേഗം കൂട്ടുകയും കുറയ്ക്കുകയും വേണം. പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം മിനിറ്റിൽ 70ൽ കുറഞ്ഞാൽ ദർശനത്തിനുള്ള ക്യു കിലോമീറ്ററുകൾ നീളും. സന്നിധാനത്തെ മേൽപാലത്തിൽ എപ്പോഴും തീർഥാടകർ നിറഞ്ഞു നിൽക്കണം. പടി കയറ്റി വിടുന്നതിൽ താമസം നേരിട്ടാൽ മേൽപാലം നിറയില്ല. തീർഥാടകർ ഓരോ പടിയിലും തൊട്ടുതൊഴുത് കയറാൻ ശ്രമിക്കരുത്. അതിനു ശ്രമിക്കുമ്പോൾ പടി കയറാൻ വൈകും.

സന്നിധാനത്ത് എത്താൻ 12 മണിക്കൂറിലേറെയാണ് ഭക്തർ കാത്തു നിൽക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാൻ നിലയ്ക്കൽ, ഇലവുങ്കൽ, എരുമേലി , നാറാണംതോട് എന്നിവിടങ്ങളിൽ  വാഹനങ്ങൾ കഴിഞ്ഞ ദിവസം തടഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര ശബരിപീഠം വരെ നീണ്ടു. അപകടം ഒഴിവാക്കാൻ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് അയ്യപ്പന്മാരുടെ മലകയറ്റം നിയന്ത്രിക്കാൻ നിർദേശം വന്നു.

സന്നിധാനത്ത് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 ആംബുലന്‍സിന് അനുമതി

ശബരിമല സന്നിധാനത്ത് തീർഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 സ്‌പെഷല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിന്റെ 4x4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ പമ്പയില്‍ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4x4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തില്‍ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീർഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ ആരോഗ്യ വകുപ്പിന്റെയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചിരുന്നു. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4x4 റെസ്‌ക്യു വാനിന് പുറമേ ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. എന്നാല്‍ കാനന പാതയില്‍ യാത്ര ചെയ്യാന്‍ കോടതി അനുമതി വേണമായിരുന്നു. ഈ അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. തീർഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും.

English Summary:

Minister K Radhakrishnan asks to take necessary steps to control rush at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com