ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കി‌ങ് പരിധി 90,000ൽ നിന്ന് 80,000 ആക്കി കുറച്ചു. ക്രമാതീതമായ ഭക്തജന തിരക്കു കണക്കിലെടുത്തു സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണു ബുക്കിങ് പരിധി കുറയ്ക്കാൻ തീരുമാനമായത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.

‘‘ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്കു നിരക്കാത്തതാണ്. ശബരിമലയിൽ എത്തുന്ന ഭക്തർക്കു നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുളിമുറി, ശുചിമുറി, യൂറിനൽ സൗകര്യങ്ങൾ, ബയോ ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്’’.

‘‘അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിച്ചു ഭക്തർക്കു സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കുട്ടത്ത് ക്യൂ കോംപ്ലെക്സിൽ ദേവസ്വം ബോർഡ് ആരംഭിച്ച ഡയനാമിക് ക്യൂ സിസ്റ്റം പൂർണമായും പ്രവർത്തിച്ചു വരുന്നു. പ്രതികൂല കാലാവസ്ഥയിലും ഭക്തർക്കു ഡയനാമിക് ക്യൂ സിസ്റ്റം അനുഗ്രഹമായി മാറുകയാണ്. ഭക്തജന തിരക്കു നിയന്ത്രിക്കുന്നതിന് പുതിയ ക്യൂ സിസ്റ്റം ഏറെ സഹായകരമാണെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്’’.

‘‘ചുക്കുവെള്ള‌വും ബിസ്ക്കറ്റും എല്ലാ ക്യൂ കോംപ്ലെക്സുകളും ഭക്തർക്ക് യഥേഷ്ടം നൽകി വരുന്നു. നടപ്പന്തലിലും കുടിവെള്ള വിതരണവും ബിസ്ക്കറ്റ് വിതരണവും ഭക്തർക്ക് ആശ്വാസം പകരുന്നുണ്ട്. പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർക്കു നല്ല രീതിയിൽ അയ്യപ്പദർശനം സാധ്യമാകുന്നുണ്ട്. ഭക്തർക്കായി മൂന്നു നേരവും അന്നദാനവുമുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് എല്ലാത്തരത്തിലും അയ്യപ്പഭക്തർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.’’ – പ്രശാന്ത് പറഞ്ഞു.

English Summary:

Pilgrims number reduced in Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com