ബീച്ചിലേക്ക് ഇറങ്ങിയപ്പോൾ തിരയിൽപ്പെട്ടു; കാസർകോട് സ്വദേശികളായ 2 വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു
Mail This Article
മംഗളൂരു ∙ കാസർകോട് സ്വദേശികളായ വിദ്യാർഥികൾ ഉള്ളാൾ സോമേശ്വര ബീച്ചിൽ മുങ്ങി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ മജൽ സ്വദേശി ജയേന്ദ്രയുടെ മകൻ യുവരാജ് (18), മഞ്ചേശ്വരം അഡ്‌ക സ്വദേശി ശേഖരന്റെ മകൻ യഷ്വിത്ത് (18) എന്നിവരാണു മരിച്ചത്. സോമേശ്വര പരിജ്ഞാനൻ പ്രീ- യൂണിവേഴ്സിറ്റി കോളജിലെ കൊമേഴ്സ് രണ്ടാം വർഷ വിദ്യാർഥികളാണ് ഇരുവരും.
ശനിയാഴ്ച ക്ലാസ് കഴിഞ്ഞ ശേഷം 4 സഹപാഠികൾക്കൊപ്പം സോമനാഥ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഇവർ 3 മണിയോടെ ബീച്ചിലേക്ക് പോയി. യഷ്വിത്തും യുവരാജും പാറക്കെട്ടുകൾക്ക് ഇടയിലൂടെ ഇറങ്ങിയപ്പോൾ തിരമാലയിൽപെട്ട് കടലിലേക്കു വീണു. സഹപാഠികൾ സമീപത്തെ ഷെഡിൽ നിന്ന് ട്യൂബ് ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വിദ്യാർഥികൾ നിലവിളിച്ചതിനെത്തുടർന്നു പ്രദേശവാസികൾ എത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.