ADVERTISEMENT

തൃശൂർ ∙ നാട്ടിക മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ച് സി.സി. മുകുന്ദൻ എംഎൽഎ. 

സിപിഐ എംഎൽഎ ആയ മുകുന്ദൻ നവകേരള സദസ്സിന്റെ വേദിയിൽ ഡിവൈഎസ്പി പരിപാടി പൊളിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചതു വിവാദമായിരുന്നു. എന്നാൽ, സിപിഎം മുൻ എംഎൽഎയും എൽഡിഎഫ് ജില്ലാ കൺവീനറുമായ കെ.വി. അബ്ദുൽ ഖാദർ ഡിവൈഎസ്പിയെ പരോക്ഷമായി അനുകൂലിച്ചു രംഗത്തുവരികയും മുകുന്ദന്റെ അഭിപ്രായ പ്രകടനം അനുചിതമെന്നു വിമർശിക്കുകയും ചെയ്തിരുന്നു. 

എംഎൽഎയുടെ പരാതിയിൽ അക്കമിട്ടു പറയുന്ന പ്രധാന ആരോപണങ്ങളിങ്ങനെ: സംഘാടക സമിതി ചെയർമാനായ തന്നോടോ മറ്റു ഭാരവാഹ‍ികളോടോ ആലോചിക്കാതെ വേദിയിലെ പല ക്രമീകരണങ്ങളും ഡിവൈഎസ്പി തന്നിഷ്ടപ്രകാരം മാറ്റിവയ്പ്പിച്ചു. 

 സംഘാടക സമിതി അംഗങ്ങളോടും പത്രപ്രവർത്തകരോടും മോശമായി പെരുമാറി. സംഘാടകസമിതി വയ്പ്പിച്ച ബാരിക്കേഡുകൾ തലേന്നുരാത്രി മാറ്റിച്ചു. ഇതുമൂലം സ്റ്റേജ് നിർമാണ കരാറുക‍ാരനു നഷ്ടമ‍ുണ്ടായി. ഡ്രോൺ ഉപയോഗിക്കാൻ കലക്ടറുടെയും റൂറൽ പൊലീസ് മേധാവിയുടെയും അനുമതി ലഭിച്ചിട്ടും ഡിവൈഎസ്പി അനുവദിച്ചില്ല. വേദിയിലും പുറത്തും ക്യാമറ ഉപയോഗിക്കാൻ ഏർപ്പെടുത്തിയയാളെ പലവട്ടം തടഞ്ഞു. ഇടപെട്ട തന്റെ മുന്നിൽ വച്ചു തന്നെ ആ വ്യക്തിയെ തള്ളിപ്പുറത്താക്കി. വേദിയിലെ ക്രമീകരണങ്ങൾക്കായി താൻ ചുമതലപ്പെടുത്തിയ പിഎയെ 3 പൊലീസുകാരെ ഉപയോഗിച്ചു പുറത്താക്കാൻ ശ്രമിച്ചു. ഇടപെടാൻ ശ്രമിച്ച തന്നോടും മോശമായി പെരുമാറി. വേദിയിലെയും സദസ്സിലെയും കുടിവെള്ള വിതരണം തടഞ്ഞുവെന്നും പരാതിയിലുണ്ട്. 

നാട്ടികയിലെ നവകേരള സദസ്സിലേക്കു മുഖ്യമന്ത്രി എത്തുന്നതിനു തൊട്ടുമുൻപായാണു ഡിവൈഎസ്പി സലീഷ് എൻ. ശങ്കറിനെതിരെ സി.സി. മുകുന്ദൻ പൊട്ടിത്തെറിച്ചത്. പരിപാടി പൊളിക്കാൻ ഡിവൈഎസ്പി നോക്കുകയാണെന്നു മൈക്കിലൂടെ മുകുന്ദൻ തുറന്നടിച്ചു. 

ഇതിനു പിന്നാലെ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മൈതാനം തിരഞ്ഞെടുത്ത കാര്യത്തിൽ സംഘാടകരുടെ ഭാഗത്തു വീഴ്ചയുണ്ടെന്നു പരസ്യ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ കാർക്കശ്യവും തന്റെ പഴ്സനൽ സ്റ്റാഫിനോടടക്കമുണ്ടായ മോശം പെരുമാറ്റവുമായിരുന്നു എംഎൽഎയെ ചൊടിപ്പിച്ചത്. എന്നാൽ, മറ്റു വേദികളിലൊരുക്കുന്ന അതേ അളവിലുള്ള സുരക്ഷാ മുന്നൊരുക്കം മാത്രമാണു നാട്ടികയിലും നടത്തിയതെന്നു പൊലീസും പറയുന്നു.

English Summary:

CPI MLA C.C. Mukundan against Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com