ADVERTISEMENT

ന്യൂഡൽഹി∙ രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജ്‌പുത് കർണി സേനയുടെ പ്രസിഡന്റ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ വീട്ടിലെത്തിയ അക്രമിസംഘം വെടിവച്ചുകൊന്ന സംഭവത്തിൽ ഗുണ്ടാസംഘത്തിന്റെ പദ്ധതി വിവരിച്ച് പൊലീസ്. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് സുഖ്‌ദേവ് സിങ്ങ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപൂരിസർ ഏറ്റെടുത്തിരുന്നു. ശത്രുക്കളുമായി സഹകരിച്ചതിന്റെ ശിക്ഷയാണ് നൽകിയതെന്ന് കപുരിസർ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. സിദ്ദു മുസവാലയുടെ കൊലപാതകത്തിലും പങ്കുള്ളയാളാണ് കപുരിസർ.

ഡിസംബർ അഞ്ചിന് ജയ്‌പുർ ശ്യാം നഗറിലെ വീട്ടിൽ സന്ദർശകരെ കാണുന്നതിനിടയിലാണ് 3 പേരടങ്ങുന്ന സംഘം വെടിവച്ചത്. ഉച്ചയ്‌ക്ക് ഒരുമണിയോടെ എത്തിയ സംഘം മുൻകൂർ അനുമതി വാങ്ങിയശേഷമാണ് അകത്തുകടന്നത്. വിവാഹം ക്ഷണിക്കാനെന്ന വ്യാജേന എത്തിയായിരുന്നു കൊല.

പത്തു മിനിട്ടോളം സുഖ്ദേവ് സിങ്ങുമായി ഇവർ സംസാരിക്കുന്നതിന്റെയും തുടർന്ന് വെടിവയ്‌ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു ആക്രമണത്തിനിടെ സുഖ്‌ദേവിന്റെ അംഗരക്ഷകൻ തിരിച്ചു വെടിവച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന നവീൻ സിങ് ഷെഖാവത്താണ് കൊല്ലപ്പെട്ടത്. പിന്നീട് പൊലീസ് അന്വേഷണത്തിൽ രാജസ്ഥാനിലെ നഗോർ ജില്ലയിലെ മകരാന സ്വദേശി രോഹിത് റാത്തോഡ്, ഹരിയാന മഹേന്ദ്രഗഡ് സ്വദേശിയും സൈനികനുമായിരുന്ന നിതിൻ ഫൗജി എന്നവരാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചിലരെ പിടികൂടിയതിനെ തുടർന്ന് അക്രമ പശ്ചാത്തലം വിശദീകരിച്ച് പൊലീസ് രംഗത്തെത്തിയത്. 

രോഹിത് ഗോദര കപൂരിസർ ആണ്  കൊലയുടെ മുഖ്യആസൂത്രകൻ. ഇയാൾ, കൊലയാളികളെ വാടയ്‌ക്കെടുത്ത് കൊല നടത്താനുള്ള ഉത്തരവാദിത്തം അനുയായിയും കൊടുംകുറ്റവാളിയുമായ വീരേന്ദ്ര ചരണിനെയാണ് എൽപ്പിച്ചത്. ഇവർ ജയിലിൽവച്ചുള്ള പരിചയം മുതലാക്കിയാണു കൊല ആസൂത്രണം ചെയ്തത്. രോഹിത് ഗോദര കപൂരിസർ ബലാത്സഗകേസിൽ ശിക്ഷയിൽ കഴിയുമ്പോഴായിരുന്നിത്. ബലാത്സംഗകേസിൽ കേസെടുക്കുന്നതിനു ഗോഗമേദിയാണ് കാരണക്കാരനെന്നും പ്രതികാരം ചെയ്യുമെന്നും പൊലീസിനോട് അന്നു വെളിപ്പെടുത്തിരുന്നു. ഈ വിരോധം. വീരേന്ദ്ര ചരൺ മുതലാക്കി. ജയിലിൽ നിന്ന് പരിചയപ്പെട്ടവരെ തന്നെയാണ് ചരൺ കൊലയ്‌ക്ക് നിയോഗിച്ചത്. വിദേശത്ത് ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പ്രതികളെ കൊലയ്‌ക്കു പ്രേരിപ്പിച്ചത്. ഇതിനായി സ്വന്തം ശൃംഖലവഴിയാണ് തോക്കുകൾ ലഭ്യമാക്കിയത്. പ്രതികൾ കൊലയ്ക്ക് മുൻപും ശേഷവും ചരണിനെ ബന്ധപ്പെട്ടിരുന്നു. തോക്കുകൾ പിന്നീട് നഗരത്തിലെ ഹോട്ടലിന് സമീപമാണ് നശിപ്പിച്ചത്. തോക്കുകൾ വീണ്ടെടുക്കുന്നതിനായി ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 

ആദ്യം സ്ഥലതർക്കമടക്കമുള്ളവയാണ് പൊലീസ് അന്വേഷിച്ചത്. പിന്നീട് ജാതിപരമായ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി. കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷമുണ്ടായിരുന്നു.

English Summary:

How Gangster In Canada Hatched Plot To Murder Rajput Leader In Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com