നവകേരള ബസിനു നേരെ ഷൂ ഏറ്, കരിങ്കൊടി; മറ്റു നടപടികളിലേക്കു കടക്കുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി

Mail This Article
പെരുമ്പാവൂർ∙ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നവകേരള സദസ് പുനരാരംഭിച്ചതിനു പിന്നാലെയാണു സംഭവം. ഇതേത്തുടർന്ന് പ്രതിഷേധക്കാർക്കു നേരേ പൊലീസ് ലാത്തിവീശി. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് നോക്കിനിൽക്കെയായിരുന്നു സംഭവം.
കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലിൽ വച്ചായിരുന്നു ഷൂ കൊണ്ടുള്ള ഏറ്. അതേസമയം, കെഎസ്‍യു പ്രവർത്തകർ ഷൂ എറിഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. നവകേരള സദസ്സിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനാണു നീക്കമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഷൂ ഏറിലേക്കു പോയാൽ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. കോതമംഗലത്ത് നവകേരള സദസിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.
‘‘ഇന്നു വരുമ്പോൾ ഞങ്ങളുടെ ബസിനു നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്നു മനസിലാകുന്നില്ല. ഈ സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്കു മാറ്റിത്തീർക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ്. ഈ ആളുകൾ എല്ലാവരും കൂടി ശക്തിയായി ഊതിയാൽ കരിങ്കൊടിയുമായി വരുന്നയാളും എറിയാൻ സാധനങ്ങളുമായി വരുന്നയാളും പാറിപ്പോകും. പക്ഷേ നാട്ടുകാർ നല്ല സംയമനം പാലിച്ചാണു നിൽക്കുന്നത്. അതു തന്നെയാണു വേണ്ടത്. അവരുടെ പ്രകോപനത്തിൽ കുടുങ്ങരുത്. പക്ഷേ ഏറിലേക്കൊക്കെ പോയാൽ പിന്നെ അതിന്റേതായ നടപടികൾ തുടരും. സാധാരണ ഗതിയിലുള്ള നടപടികളിലേക്കു കടക്കും. അപ്പോൾ പിന്നെ വല്ലാതെ വിലപിച്ചിട്ടു കാര്യമില്ല. അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കും. നാടിനോടുള്ള വെല്ലുവിളിയാണിതെന്ന് ഇത്തരം ആളുകൾ മനസിലാക്കണം. ആർക്കെങ്കിലും എതിരെ സംഘടിപ്പിച്ച പരിപാടിയല്ല ഇത്.’’ – മുഖ്യമന്ത്രി പറഞ്ഞു.
പെരുമ്പാവൂരിൽ വച്ച് മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ തല്ലിച്ചതച്ചു. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‍യുവിന്റെയും കൊടികൾ ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.