ADVERTISEMENT

ന്യൂഡൽഹി∙ രാജസ്ഥാനിലെ രജപുത്ര നേതാവും കർണിസേന തലവനുമായ സുഖ്‌ദേവ് സിങ് ഗോഗമേദിയെ കൊലപ്പെടുത്തിയ പ്രതികളാണ്, സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിനു മുൻപ് കൂട്ടാളിയെയും കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തതിൽ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. അക്രമി സംഘത്തിലുണ്ടായിരുന്ന നവീൻ സിങ് ഷെഖാവത്തും വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.

എന്നാൽ, സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ നവീൻ സിങ് മറ്റെന്തോ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അവസാന നിമിഷം മനംമാറ്റം വന്ന നവീൻ, വെടിവയ്പ് തടയാൻ ശ്രമിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ അനുമാനം. മൂന്നുപേർ സുഖ്‌ദേവ് സിങ്ങിനെ വെടിവയ്ക്കാൻ എഴുന്നേറ്റപ്പോൾ, നവീൻ സിങ്ങിന് മനംമാറ്റമുണ്ടായി. ഇതോടെ ഇയാൾ മൂന്നു പേരെയും തടയാൻ ശ്രമിച്ചു. അതിനിടെ നവീൻ സിങ്ങും വെടിയേറ്റു മരിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, സുഖ്‌ദേവ് സിങ്ങിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിക്കുകയും അദ്ദേഹത്തിന്റെ വീടിന്റെ പരിസരം പരിശോധിക്കുകയും ചെയ്ത നവീൻ സിങ്ങിന് കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അവസാന നിമിഷം നവീൻ സിങ്ങിന്റെ മനംമാറ്റത്തിന്റെ കാരണമെന്താണെന്നു വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

ഡിസംബർ അഞ്ചിനാണ് സുഖ്‌ദേവ് സിങ് കൊല്ലപ്പെട്ടത്. വിവാഹം ക്ഷണിക്കാനെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം ഉച്ചയ്ക്കാണ് സുഖ്ദേവ് സിങ്ങിനെ വീട്ടിൽവച്ച് വെടിവച്ചു കൊന്നത്. ജയ്പുരിൽ തുണിക്കട നടത്തുന്ന നവീൻ സിങ് വഴിയാണ് സന്ദർശന അനുമതി തരപ്പെടുത്തിയത്. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ രോഹിത് ഗൊദാര സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

English Summary:

Why Rajput Leader's Killers Murdered Accomplice Before Fleeing Crime Spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com