നഗ്നയാക്കി വിഡിയോ പകർത്തി, ചുറ്റിക കൊണ്ട് അടിച്ചു; 13കാരിക്ക് സ്ത്രീയുടെയും ആൺമക്കളുടെയും ക്രൂരപീഡനം
Mail This Article
ചണ്ഡീഗഡ്∙ ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെൺകുട്ടിയെ വീട്ടുടമയായ സ്ത്രീയും രണ്ട് ആൺമക്കളും ചേർന്ന് ക്രൂരപീഡനത്തിനിരയാക്കിയതായി പരാതി. പെൺകുട്ടിയും വായ മൂടിക്കെട്ടുകയും വിവസ്ത്രയാക്കിയ ശേഷം ചുറ്റികയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിക്ക് ഭക്ഷണം നൽകിയില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഗുരുഗ്രാമിലെ ക്യൂബർ സിറ്റിയിലുള്ള ഒരു വീട്ടിലാണ് പെൺകുട്ടി ജോലിചെയ്യുന്നത്. പെണ്‍കുട്ടിയെ നഗ്നയാക്കിയ ശേഷം സ്ത്രീയുടെ ആൺമക്കൾ കുട്ടിയെ ഭീഷണിപ്പെടുത്തി വിഡിയോ പകർത്തി. വിഡിയോ എടുക്കാൻ സഹകരിച്ചില്ലെങ്കിൽ പെൺകുട്ടിയെ വേശ്യാലയത്തിലേക്ക് അയയ്ക്കുമെന്നായിരുന്നു ഭീഷണി.
രക്ഷാപ്രവർത്തകർ എത്തുമ്പോൾ വായ മൂടിക്കെട്ടി പെൺകുട്ടിയെ മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. വീട്ടുകാർ തന്നെക്കൊണ്ട് എല്ലാജോലികളും ചെയ്യിക്കുമായിരുന്നു എന്ന് പെൺകുട്ടി പൊലീസില്‍ മൊഴിനൽകി. കയ്യിൽ ആസിഡ് ഒഴിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നാലുമാസമായി തന്റെ മകളെ കാണാൻ ഗുരുഗ്രാമിലെ കുടുംബം അനുവദിച്ചിരുന്നില്ലെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. നാലുമാസം മുന്‍പാണ് അവളുടെ ശമ്പളം നൽകിയതെന്നും അവർ വ്യക്തമാക്കി.
അമ്മ ജോലിചെയ്യുന്ന വീട്ടിലെ വ്യോമസേനാ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തന്റെ മകളെ കണ്ടെത്താൻ സഹായിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ അദ്ദേഹത്തോട് അഭ്യർഥിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.