ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിനു സമീപത്ത് നാല് അടി താഴ്ചയുള്ള കുഴി; പരിശോധന
Mail This Article
ന്യൂഡൽഹി∙ ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിന്റെ മതിലിന് സമീപത്തായി നാല് അടി താഴ്ചയുള്ള കുഴി കണ്ടെത്തിയതിൽ കൂടുതൽ പരിശോധന. ഇത്രയും വലിയ കുഴിയുണ്ടായതിൽ സുരക്ഷാ വീഴ്ചയുണ്ടായോ മറ്റെന്തെങ്കിലും ആക്രമണ പദ്ധതിയുടെ ഭാഗമായാണോ എന്നാണ് പരിശോധന നടത്തുന്നത്.
വ്യോമതാവളത്തിനു സമീപത്തായി ടണൽ നിർമിക്കാനുള്ള നീക്കവും അധികൃതർ പരിശോധിക്കുന്നുണ്ട്. പ്രദേശവാസികളാണ് കുഴി കണ്ട വിവരം പൊലീസിനെ അറിയിച്ചത്. ഇന്ത്യൻ എയർ ഫോഴ്സ് അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധനകൾക്ക് ശേഷം കുഴി മൂടുകയായിരുന്നു. കുഴി കാണുന്നതിന് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
20 അടി ഉയരമുള്ള മതിലിന്റെ അടിത്തറ മാന്തിയശേഷമാണ് കുഴി നിർമിച്ചിരിക്കുന്നത്. സംഭവത്തിൽ കേസെടുത്തുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. പടിഞ്ഞാറൻ എയർ കമാൻഡിന്റെ കീഴിലുള്ള ഹിൻഡൻ വ്യോമതാവളം ഇന്ത്യയിലെ വലിയ വ്യോമതാവളങ്ങളിലൊന്നാണ്.