‘നന്നായി, നടക്കാൻ സമ്മതിക്ക്’: തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകൻ വീണപ്പോൾ കയ്യടിച്ച് അനിതകുമാരി

Mail This Article
കൊല്ലം ∙ ഓയൂർ ഓട്ടുമലയിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ തെളിവെടുപ്പ് പകർത്തുന്ന മാധ്യമങ്ങൾക്കെതിരെ പ്രതി അനിതകുമാരി. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവർത്തകൻ വീണപ്പോൾ, നടത്തം നിറുത്തുകയും തിരിഞ്ഞുനിന്നു കയ്യടിക്കുകയുമാണു അനിതകുമാരി ചെയ്തത്. ചിറക്കര തെങ്ങുവിളയിലെ ഫാമിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.
‘‘നന്നായി, ഇത്തിരി നടക്കാൻ സമ്മതിക്ക്’’ എന്നായിരുന്നു അനിതകുമാരിയുടെ വാക്കുകൾ. ശക്തമായ പൊലീസ് കാവലിലാണു പ്രതിയെ എത്തിച്ചത്. ഇവരുടെ മുഖം ഷാൾ കൊണ്ടു മറച്ചിരുന്നു. പ്രതികളുടെ ഫാം ഹൗസിൽ നടത്തിയ തെളിവെടുപ്പിൽ പകുതിയിലേറെ കത്തിക്കരിഞ്ഞ നോട്ടുബുക്കും ഇൻസ്ട്രുമെന്റ് ബോക്സും കണ്ടെത്തി. ആറു വയസ്സുകാരിയുടെ ബുക്ക് ആണോയെന്ന് സംശയമുണ്ട്. മുതിർന്ന കുട്ടികൾക്കു സമാനമായ കയ്യക്ഷരമാണു ബുക്കിലുള്ളത്.
പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിത കുമാരി (39), മകൾ പി.അനുപമ (21) എന്നിവരുമായാണു ക്രൈംബ്രാഞ്ച് സംഘം ഫാംഹൗസിൽ തെളിവെടുപ്പിന് എത്തിയത്. തെളിവെടുപ്പിന് അനിതകുമാരിയെ മാത്രമേ വാനിൽനിന്നു പുറത്തിറക്കിയുള്ളൂ.