ADVERTISEMENT

ന്യൂഡൽഹി∙ കെ സുധാകരന്റെ ചോദ്യത്തിന്റെ മറുപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരസ്യപ്രസ്താവന മന്ത്രിസഭയ്ക്കു കുട്ടുത്തരവാദിത്തം ഇല്ലാത്തതിന്റെ തെളിവാണെന്നും ഇതു ഭരണഘടനാ ലംഘനവുമാണെന്നും കാണിച്ചു എൻ.കെ.പ്രേമചന്ദ്രൻ എംപിയും ബെന്നി ബെഹ്നാൻ എംപിയും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.

വിദേശകാര്യമന്ത്രാലയത്തിന്റെ നടപടികളെക്കുറിച്ചു ചർച്ച വേണമെന്നു കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയത്തിന്റെ വീഴ്ച സഭാനടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാണു കോൺഗ്രസിന്റെ ആവശ്യം. ഖത്തറിലും മാലിദ്വീപിലും അമേരിക്കയിലും ഇന്ത്യക്ക് എതിരെ നടപടിയുണ്ടായി. ഹമാസിനെ സംബന്ധിച്ച ചോദ്യങ്ങൾക്കു പോലും മറുപടിയില്ലെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ലോക്സഭയിൽ പറഞ്ഞു. 

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പാര്‍ലമെന്റ് നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയ മീനാക്ഷി ലേഖി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് പരാതിയും നല്‍കിയിട്ടുണ്ട്. 

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദേശമുണ്ടോയെന്നും ഇസ്രയേല്‍  സര്‍ക്കാര്‍ എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടുണ്ടോയെന്നുമായിരുന്നു കെ.സുധാകരന്റെ ചോദ്യം. ചോദ്യത്തിനുള്ള മറുപടി ലോക്‌സഭയിൽ തന്നശേഷം തൊട്ടടുത്ത ദിവസം മന്ത്രി മീനാക്ഷി ലേഖി മറുപടിയിൽ ഒപ്പിട്ടില്ലെന്ന് അറിയിച്ച് പരസ്യമായി ‌നിഷേധിക്കുകയും പാര്‍ലമെന്ററി നടപടികളില്‍നിന്ന് ചോദ്യം നീക്കം ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതു പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള തന്റെ പ്രത്യേകാവകാശത്തിന്റെ നേരിട്ടുള്ള നിഷേധമാണെന്നും സുധാകരന്‍ പരാതിയില്‍ ‌പറഞ്ഞു.

വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരന്റെ ഉത്തരത്തില്‍ സാങ്കേതിക തിരുത്തല്‍ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ഒഴിഞ്ഞുമാറിയതു കൊണ്ട് താന്‍ ഉന്നയിച്ച ചോദ്യത്തിന്മേലുള്ള പ്രസക്തി ഇല്ലാതാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രാലയം തയാറാക്കിയ ഉത്തരത്തിനു കേന്ദ്രമന്ത്രിമാര്‍ക്കു കൂട്ടുത്തരവാദിത്തമുണ്ട്. മന്ത്രിയുടെ ഒപ്പില്ലാതെ ഒരു ലോക്സഭാ‍ംഗത്തിന്റെ ചോദ്യത്തിനുള്ള ഉത്തരം പ്രത്യക്ഷപ്പെട്ടു എന്നതിനെക്കുറിച്ചു മന്ത്രിക്കു പോലും അറിയാത്തതു പാര്‍ലമെന്ററി നടപടികളുടെ ധാര്‍മികതയെയും സുതാര്യതയെയും സംബന്ധിച്ചു ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തുന്നെന്നും സുധാകരൻ പറഞ്ഞു. മഹുവ മൊയ്ത്ര എംപിക്കെതിരെ സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടികളുടെ വെളിച്ചത്തില്‍ പാര്‍ലമെന്റ് നടപടി ക്രമങ്ങളിലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വീഴ്ചവരുത്തിയ മീനാക്ഷി ലേഖിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍  ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com