ദേവെഗൗഡയെ പുറത്താക്കിയെന്ന് സി.കെ.നാണു വിഭാഗം; പ്ലീനറി യോഗത്തിൽ പ്രമേയം പാസാക്കി
Mail This Article
ബെംഗളൂരു∙ ജനതാദൾ എസ് (ജെഡിഎസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയെ പാർട്ടിയിൽനിന്നും പുറത്താക്കിയെന്നു സി.കെ.നാണു വിഭാഗം. ബെംഗളൂരുവിൽ ചേർന്ന പ്ലീനറി യോഗത്തിലാണു ദേവെഗൗഡയെ പുറത്താക്കിയെന്ന പ്രമേയം പാസാക്കിയത്. ദേവെഗൗഡ വിഭാഗത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും പ്ലീനറി യോഗത്തിൽ തീരുമാനമായി.
ദേവെഗൗഡ പുറത്താക്കിയ സി.എം.ഇബ്രാഹിം ഇപ്പോഴും കർണാടക ജെഡിഎസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തു തുടരുന്നുവെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. ജനതാപരിവാർ എന്ന പേരിൽ ജനതാ പാർട്ടികളുടെ ഒരു ഐക്യ സിൻഡിക്കറ്റ് രൂപീകരിക്കാനുള്ള രാഷ്ട്രീയ പ്രമേയവും പ്ലീനറി യോഗത്തിൽ പാസാക്കി.
സമാന്തരയോഗം വിളിച്ച സി.കെ.നാണുവിനെ ജെഡിഎസിൽനിന്നും ഇന്നലെ എച്ച്.ഡി. ദേവെഗൗഡ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണു ദേവെഗൗഡയെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്നു സി.കെ.നാണുവിഭാഗം പ്രമേയം പാസാക്കിയത്. ഗൗഡയും സി.കെ.നാണുവും ബെംഗളൂരുവിൽ വെവ്വേറെ വിളിച്ച യോഗങ്ങളിൽ കേരളത്തിലെ ഔദ്യോഗിക നേതൃത്വം പങ്കെടുക്കുന്നില്ല. ഇരുകൂട്ടരോടും സമദൂരം എന്ന നയത്തിലാണു സംസ്ഥാന നേതൃത്വം. സി.കെ.നാണുവും കൂട്ടരും മുന്നോട്ടുവയ്ക്കുന്ന ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാടു കേരള ഘടകത്തിനുണ്ട്. പക്ഷേ സംഘടനാതലത്തിൽ ഗൗഡ നേതൃത്വം നൽകുന്ന പാർട്ടിയുടെ ഭാഗമാണ് എന്നതിനാൽ നാണുവിനൊപ്പം ചേരില്ലെന്നാണു തീരുമാനം.