കരിങ്കൊടി കാണിക്കാൻ പറയുന്നത്ര എളുപ്പമല്ല വീടുവീടാന്തരം കയറി പൊതിച്ചോർ ശേഖരിക്കുന്നത്: രാഹുലിനെതിരെ വസീഫ്
Mail This Article
കോട്ടയം ∙ പൊതിച്ചോര്‍ വിതരണത്തെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. പാത്തും പതുങ്ങിയുമിരുന്നു ക്വട്ടേഷൻ സംഘങ്ങളോടു ജനകീയ നേതാക്കളെ കരിങ്കൊടി കാണിക്കാൻ പറയുന്നത്ര എളുപ്പമല്ല വീടുവീടാന്തരം കയറിയിറങ്ങി പൊതിച്ചോറു ശേഖരിക്കുന്നതെന്നു സമൂഹമാധ്യത്തിലെ കുറിപ്പിൽ വസീഫ് പറഞ്ഞു. ഡിവൈഎഫ്‌ഐ നടത്തുന്ന ഏക സംഘടനാ പ്രവര്‍ത്തനമാണു പൊതിച്ചോർ വിതരണമെന്നും ഇതിന്റെ മറവിലെ കൊള്ളരുതായ്മകള്‍ നിരവധിയാണെന്നുമാണു രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിപ്രായപ്പെട്ടത്.
വി.വസീഫിന്റെ കുറിപ്പ്:
‘ഹൃദയപൂര്‍വം’ ഡിവൈഎഫ്ഐയുടെ അഭിമാന പദ്ധതി, ഒരു നേരത്തെ ഭക്ഷണത്തെ പോലും ‘മലിന മനസ്സോടെ’ കാണുന്ന വ്യാജ പ്രസിഡന്റുമാരെ ജനം വിലയിരുത്തട്ടെ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായുണ്ടാക്കി പ്രസിഡന്റായവനും, വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ച സംസ്ഥാന സെക്രട്ടറിയും, വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നിയമന തട്ടിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാന സെക്രട്ടറിയും, വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ഹൈക്കോടതിയില്‍ എൻറോൾ ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്തവനും, മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടവനും, പോക്സോ കേസിൽ പ്രതിയായവനും നേതാക്കന്മാരായുള്ള യൂത്ത് കോൺഗ്രസിന് ഏഴര വർഷം പോയിട്ട് ഏഴര ദിവസം കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളജിലോ അല്ലെങ്കിൽ ഏതെങ്കിലും ആശുപത്രികളിലോ ആർക്കെങ്കിലുമോ ഭക്ഷണം കൊടുക്കാൻ സാധിക്കുമോ?
കേരളത്തില്‍ അര ലക്ഷത്തോളം പൊതിച്ചോറുകളാണു ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വീടുകളില്‍നിന്നു ശേഖരിച്ചു വിവിധ ആശുപത്രികളില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ മഹത്വം തിരിച്ചറിയാന്‍ വ്യാജ പ്രസിഡന്റിനു കഴിയാത്തതു വയറെരിയുന്നവന്റെ വേദന തിരിച്ചറിയാനാവാത്തതു കൊണ്ടാണ്. ഇതൊന്നും സാധിക്കാത്തവനു മറ്റുള്ളവർ ചെയ്യുന്നതു കാണുമ്പോൾ അനാശാസ്യമായി തോന്നും. കേരളത്തിലെ ആശുപത്രികളിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനെ അനാശാസ്യമായി കാണുന്ന, പിആർ ഏജൻസികളുടെ പ്രവർത്തനം കൊണ്ട് നേതാവായ വ്യാജ പ്രസിഡന്റിനെ ജനം വിലയിരുത്തട്ടെ. പാത്തും പതുങ്ങിയും ഇരുന്നു ക്വട്ടേഷൻ സംഘങ്ങളോട് ജനകീയ നേതാക്കളെ കരിങ്കൊടി കാണിക്കാൻ പറയുന്നത്ര എളുപ്പമല്ല, വീടുവീടാന്തരം കയറിയിറങ്ങി ലക്ഷക്കണക്കിനു മനുഷ്യരിൽനിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് ആശുപത്രിയിൽ എത്തിക്കുന്നതെന്നു മനസ്സിസിലാക്കിക്കൊള്ളൂ വ്യാജ പ്രസിഡന്റേ.