ADVERTISEMENT

സോൾ ∙ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ പിൻഗാമിയാക്കുന്നത് ആരെയാകും? ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചോദ്യത്തിന് ഉത്തരമായെന്നാണു രാജ്യാന്തര മാധ്യമങ്ങൾ പറയുന്നത്. പത്തുവയസ്സുകാരി മകൾ കിം ജുഎ കിമ്മിന്റെ പിൻഗാമിയായേക്കുമെന്നാണു റിപ്പോർട്ട്.

ഭരണത്തിലും സൈന്യത്തിലും പുരുഷ മേധാവിത്തമുള്ള ഉത്തര കൊറിയയുടെ ചരിത്രം കിം ജുഎ തിരുത്തുമോ അതോ കിമ്മിന്റെ തന്ത്രമാണോ ഇതെല്ലാമെന്നും സംശയമുണ്ട്. കിം കഴിഞ്ഞാൽ ഭരണത്തിൽ സ്വാധീനമുള്ളതു സഹോദരി കിം യോ ജോങ്ങിനാണെന്നും സുപ്രധാന അധികാരങ്ങൾ ഇവർക്കു കൈമാറിയതായും നേരത്തേ ദക്ഷിണ കൊറിയ നാഷനൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) റിപ്പോർട്ട് ചെയ്തിരുന്നു.

കൊറിയൻ യുദ്ധവിജയത്തിന്റെ 69–ാം വാർഷികം ആഘോഷിക്കുന്ന കിം ജോങ് ഉൻ. 2022 ജൂലൈ 27ലെ ചിത്രം: STR / AFP / KCNA VIA KNS
കൊറിയൻ യുദ്ധവിജയത്തിന്റെ 69–ാം വാർഷികം ആഘോഷിക്കുന്ന കിം ജോങ് ഉൻ. 2022 ജൂലൈ 27ലെ ചിത്രം: STR / AFP / KCNA VIA KNS

പതിവിനു വിപരീതമായി പൊതു ചടങ്ങുകളിൽ കിം ജുഎയുടെ സാന്നിധ്യം വർധിച്ചതും ഉത്തര കൊറിയയിലെ മാധ്യമങ്ങളിൽ കിമ്മിന്റെയും മകളുടെയും ചിത്രങ്ങൾ വ്യാപകമായതുമാണു നിഗമനത്തിനു പിന്നിൽ. ഇവരുടെ ചിത്രങ്ങളിൽ ‘പ്രിയ പുത്രി’ എന്നുള്ള വിശേഷണം ‘പൊന്നോമന പുത്രി’യായും ‘ബഹുമാന്യ ബാലിക’യായും മാറുന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം നവംബറിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ടു രണ്ടാമത്തെ മകൾ ജുഎയുമായി കിം പൊതുവേദിയിൽ എത്തിയതോടെയാണു പിൻഗാമി ചർച്ച ശക്തമായത്.

കിം ജോങ് ഉൻ മകളുമൊത്ത് മിസൈൽ പരീക്ഷണം വിലയിരുത്താൻ എത്തിയപ്പോൾ. (Photo by KCNA VIA KNS / AFP)
കിം ജോങ് ഉൻ മകളുമൊത്ത് മിസൈൽ പരീക്ഷണം വിലയിരുത്താൻ എത്തിയപ്പോൾ. (Photo by KCNA VIA KNS / AFP)

മിസൈൽ ശാസ്ത്രജ്ഞരുമായി കിം നടത്തിയ ചർച്ചകൾക്കൊപ്പവും മകളുണ്ടായിരുന്നു. പട്ടാളക്കാർക്കു ഹസ്തദാനം നൽകുന്നതും ഗ്രൂപ്പ് ഫോട്ടോയിൽ പിതാവിനൊപ്പം പോസ് ചെയ്യുന്നതുമായ ചിത്രങ്ങൾ ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസിയാണു പുറത്തുവിട്ടത്. രാജ്യാന്തര മിസൈൽ വിക്ഷേപണം പോലൊരു തന്ത്രപ്രധാനമായ ചടങ്ങിൽ മകളെ ഇറക്കി തന്റെ പിൻഗാമിയാക്കി അനൗദ്യോഗികമായി പ്രഖ്യാപിക്കുകയാണു കിം ചെയ്തതെന്നാണു നിരീക്ഷകരുടെ വാദം.

ഇതുവരെ 19 പൊതു പരിപാടികളിൽ കിമ്മിനൊപ്പം മകൾ പ്രത്യക്ഷപ്പെട്ടെന്നാണു റിപ്പോർട്ട്. ഇതിൽ 16 എണ്ണവും സൈന്യവുമായി ബന്ധപ്പെട്ടതായിരുന്നു. സമപ്രായക്കാരായ കുട്ടികളേക്കാൾ പക്വതയും അധികാരവുമുള്ള ശരീരഭാഷയോടെയാണ് കിം ജുഎ പ്രത്യക്ഷപ്പെടുന്നതെന്നും നിരീക്ഷണമുണ്ട്. ഈ ചടങ്ങുകളിൽ മിക്കതിലും കിമ്മിന്റെ ഭാര്യയായ ഗായിക റി സോൾ ജൂ എത്തിയെങ്കിലും അവർ ചിത്രങ്ങളിലില്ല. 2009 ലാണു റി സോൾ ജൂവിനെ കിം വിവാഹം ചെയ്തത്. 2 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് കിമ്മിനുള്ളത്.

English Summary:

Is Kim Jong-un’s ‘respected’ daughter North Korea’s next leader or merely a propaganda vehicle?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com