കെഎസ്‍യുവും യൂത്ത് കോൺഗ്രസും പെരുമാറുന്നത് ക്രിമിനൽ ഗുണ്ടാസംഘത്തെ പോലെ: വിമർശിച്ച് എം.ബി.രാജേഷും ബാലഗോപാലും
Mail This Article
ചെറുതോണി∙ നവകേരള സദസ്സിനു നേരെയുള്ള കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് എതിരെ കടുത്ത വിമർശനവുമായി മന്ത്രിമാരായ എം.ബി.രാജേഷും കെ.എൻ.ബാലഗോപാലും. കെഎസ്‍യുവും യൂത്ത് കോൺഗ്രസും ക്രിമിനൽ ഗുണ്ടാസംഘത്തെ പോലെയാണു പെരുമാറുന്നതെന്നു മന്ത്രി എം.ബി.രാജേഷ് ചെറുതോണിയിൽ പറഞ്ഞു. ജനമുന്നേറ്റം ഉയർന്നതോടെയാണു പ്രതിഷേധത്തിന്റെ സ്വഭാവം മാറുന്നതെന്നും കരിങ്കൊടി കാണിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും നവകേരള സദസ്സ് ബഹിഷ്കരിക്കാനാണു തീരുമാനിച്ചതെന്നുമാണ് ഒരുഭാഗത്ത് യുഡിഎഫ് നേതാക്കൾ പറയുന്നത്. എന്നാൽ തീരുമാനിക്കാത്ത സമരത്തിന്റെ രൂപം തന്നെ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണെന്നും എം.ബി.രാജേഷ് പറഞ്ഞു.
നവകേരള സദസ്സിനു നേരെയുള്ള പ്രതിഷേധം സംഘർഷമാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്നായിരുന്നു കെ.എൻ.ബാലഗോപാൽ പറഞ്ഞത്. ‘‘നേതൃത്വത്തിന്റെ അറിവോടെയുള്ള സംഘർഷം നിരാശയിൽ നിന്നുണ്ടായ ഭ്രാന്തൻ സമീപനമാണ്. ജനാധിപത്യപരമായ പ്രതിഷേധമല്ല ഇത്. വിഭ്രാന്ത്രി പോലെ പെരുമാറുന്ന തരത്തിലാണു കാര്യങ്ങൾ ചെയ്യുന്നത്. ഇതൊന്നും ന്യായമായ കാര്യമാണെന്ന് ആരും ചിന്തിക്കുന്നില്ല. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഇതിനെ തള്ളിപ്പറയാനും ശരിയല്ലെന്നു പറയാനും തയാറാവുന്നില്ല’’–ബാലഗോപാൽ പറഞ്ഞു.