ADVERTISEMENT

ശ്രീനഗർ∙ ജമ്മു–കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ അംഗീകരിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കശ്മീരിലെ രാഷ്ട്രീയ  നേതാക്കൾ. ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയ വിധി നിരാശാജനകമാണെന്ന് നേതാക്കൾ പ്രതികരിച്ചു. 

സുപ്രീംകോടതിയായിരുന്നു തങ്ങളുടെ അവസാനത്തെ ആശ്രയമെന്നും  ഈ വിധി നിരാശാജനകമാണെന്നും ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനും ജമ്മു–കശ്മീർ മുൻമുഖ്യമന്ത്രിയുമായ ഗുലാംനബി ആസാദ് പ്രതികരിച്ചു. ‘ജമ്മു–കശ്മീരിലെ ജനങ്ങളെ ഈ വിധി സന്തോഷിപ്പിക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയിലെ 370, 35എ എന്നീ അനുഛേദങ്ങൾ കശ്മീർ ജനതയുടെ വികാരങ്ങളെയാണ് പ്രതിനിദാനം ചെയ്യുന്നത്. ഇന്ന് അത് അവസാനിച്ചു. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഇത് സാരമായി ബാധിക്കും. ഞങ്ങളുടെ ഭൂമി വിലയേറിയതാകും. ഇപ്പോൾ രാജ്യമെമ്പാടുമുള്ളവർക്ക് കശ്മീരിലേക്ക് വരാം. എന്നാല്‍ എല്ലാവര്‍ക്കും ജോലി നൽകാനുള്ള വലിയ വ്യവസായങ്ങൾ ഞങ്ങൾക്കില്ല. ഞങ്ങളുടെ ഏറ്റവും വലിയ വ്യവസായ മേഖല ടൂറിസമാണ്. അവിടെ ജോലിക്കു പരിമിതിയുണ്ട്. ഇവിടെ സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ കുറവാണ്. ഇപ്പോൾ എല്ലാവർക്കും ആ ജോലികൾക്ക് അപേക്ഷ നൽകാം. ഇത് ഞങ്ങളുടെ യുവാക്കളെ തൊഴിൽ രഹിതരാക്കും. 2019 ഓഗസ്റ്റ് 5ന് 370–ാം അനുഛേദം റദ്ദാക്കിയതു തന്നെ തെറ്റായ നടപടിയായിരുന്നു. ജമ്മു–കശ്മീരിലെ പാർട്ടികളുമായി ആലോചിച്ചായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടത്.’– അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതി വിധിയിൽ നിരാശയുണ്ടെങ്കിലും പോരാട്ടം തുടരുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘പതിറ്റാണ്ടുകളെടുത്താണ് ബിജെപി അവിടേക്ക് എത്തിയത്. ഞങ്ങൾ പോരാട്ടം തുടരും.’– ഒമർ അബ്ദുള്ള പ്രതികരിച്ചു. ജമ്മു–കശ്മീരിലെ ജനങ്ങൾക്കു വീണ്ടും നീതി നിഷേധിക്കപ്പെട്ടു എന്നായിരുന്നു കശ്മീർ മുൻഎംഎൽഎ സജാദ് ലോണിന്റെ പ്രതികരണം. ഭാവിയിൽ നീതി നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Reaction Of Kashmir Leaders In Abrogation Of Article 370 By Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com