ADVERTISEMENT

ജയ്പുർ ∙ ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെ തിരഞ്ഞെടുത്ത് ബിജെപി. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണു ഭജൻലാലിനെ തിരഞ്ഞെടുത്തത്. സാംഗനേറിൽനിന്നുള്ള എംഎൽഎയാണ്. ബ്രാഹ്മണ വിഭാഗത്തിനു പരിഗണന നൽകിയാണ് ഭജൻലാലിനെ മുഖ്യമന്ത്രിയായി കേന്ദ്ര നേതൃത്വം നിയോഗിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ഭജൻലാൽ ശർമ ഇതാദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 

ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ പുതുമുഖങ്ങളാണു മുഖ്യമന്ത്രിമാരാകുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദിവ്യ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.  മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ വസുദേവ് ദേവ്‍നാനിയാകും സ്പീക്കർ.

മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. നിരീക്ഷകനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവരും പങ്കെടുത്തു. നിരീക്ഷകർ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തിയാണു ഭജൻലാൽ ശർമയിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷി, ഇൻചാർജ് അരുൺ സിങ് എന്നിവരാണ് യോഗത്തിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ആരാകുമെന്ന സസ്പെൻസിനിടെ, നിരവധി എംഎൽഎമാർ വസുന്ധര രാജെയെ അവരുടെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടിയാണു കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്തത്.

English Summary:

Bhajanlal Sharma is BJP's Rajasthan Chief Minister Choice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com