മഹാരാഷ്ട്രയിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട: എതിർപ്പുമായി ബിജെപിയിലെ ‘ശുദ്ധ വെജിറ്റേറിയൻ’ പക്ഷം
Mail This Article
മുംബൈ∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ മഹാരാഷ്ട്ര സർക്കാർ മുട്ട ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ഭരണകക്ഷികളായ ബിജെപിയിലെയും ശിവസേന ഷിൻഡെ വിഭാഗത്തിലെയും ആത്മീയ വിഭാഗം രംഗത്തെത്തി. കുട്ടികൾ സ്കൂളിൽ മുട്ട കഴിക്കാൻ തുടങ്ങിയാൽ അവരുടെ വീട്ടുകാർ പുലർത്തുന്ന ‘ശുദ്ധ വെജിറ്റേറിയൻ’ പാരമ്പര്യം ഇല്ലാതാകുമെന്ന് ബിജെപിയുടെ ആത്മീയ വിഭാഗം നേതാവ് തുഷാർ ഭോസലെ പറഞ്ഞു.
‘‘പലരുടെയും വിശ്വാസങ്ങളെ ബാധിക്കുന്നതാണു സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അഭിമാനിയായ ഹൈന്ദവവിശ്വാസിയാണ്. ഞങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ അദ്ദേഹം പരിഗണിക്കുമെന്നാണു വിശ്വാസം – ഷിൻഡെ വിഭാഗത്തിന്റെ ആത്മീയസംഘടനയുടെ നേതാവായ അക്ഷയ് ഭോസലെ പ്രതികരിച്ചു. സർക്കാർ ആവിഷ്കരിച്ച പദ്ധതിക്കെതിരെ ഭരണമുന്നണിയെ പിന്തുണയ്ക്കുന്നവരിൽ നിന്ന് എതിർപ്പ് ഉയർന്നത് വിചിത്രമായി.
തീരുമാനം 20നകം സർക്കാർ പിൻവലിച്ചില്ലെങ്കിൽ സ്കൂളുകളിലേക്ക് മുട്ടയുമായി എത്തുന്ന വാഹനങ്ങൾ തടയുമെന്ന് മഹാരാഷ്ട്രയിലെ ഹൈന്ദവ ആത്മീയ കൂട്ടായ്മയായ വാർക്കാലി മഹാമണ്ഡൽ മുന്നറിയിപ്പു നൽകി. ഏറെ ദിവസം സൂക്ഷിക്കാൻ പറ്റാത്ത മുട്ടയും വാഴപ്പഴവും സ്കൂൾ വിദ്യാർഥികൾക്കു നൽകാനുള്ള തീരുമാനം കാര്യമായ ആലോചനയില്ലാതെയാണ് സർക്കാർ പ്രഖ്യാപിച്ചതെന്ന് മഹാരാഷ്ട്ര സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ വക്താവ് മഹേന്ദ്ര ഗൺപുലെ പറഞ്ഞു.
അവ സൂക്ഷിക്കാൻ പല സ്കൂളുകളിലും സൗകര്യമില്ല. മുട്ട പഴകിയതാണോ എന്ന് ഉറപ്പാക്കാൻ സാധിക്കണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ യോജനയ്ക്കു കീഴിലുള്ള ഉച്ചഭക്ഷണ പദ്ധതിയിലാണ് മുട്ട ഉൾപ്പെടുത്തുന്നതായി അടുത്തയിടെ സർക്കാർ പ്രഖ്യാപിച്ചത്. കുട്ടികളിൽ പോഷകാഹാരക്കുറവ് വർധിക്കച്ചതിനാലാണ് പ്രോട്ടീൻ, കാൽസ്യം, അയൺ എന്നിവയുടെ സാന്നിധ്യം ഏറെയുള്ള മുട്ട ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്.