ഇക്കുറി അതികഠിനം അയ്യപ്പദര്‍ശനം; ദർശനം കിട്ടാതെ തീർഥാടകർ പന്തളത്ത് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുന്നു
Mail This Article
പത്തനംതിട്ട∙ ശബരിമല ദർശനം കിട്ടാതെ തീർഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് മടങ്ങുന്നത്. ദർശനം കിട്ടാതെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. 8–10 മണിക്കൂറോളം വഴിയിൽ കാത്തു നിന്നിട്ടും ശബരിമല ദർശനം കിട്ടാതെയാണ് തീർഥാടകർ മടങ്ങുന്നത്.
അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാൻ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതൽ ക്യൂവാണ്. തിരക്കിനെ തുടർന്ന് ഇന്നലെ വഴിയിൽ തടഞ്ഞുനിർത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവർ കൂടിയെത്തുന്നതോടെ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. ശബരിമല ദര്‍ശനം കഴിഞ്ഞ ഭക്തരെ തിരിച്ചെത്തിക്കാന്‍ ചെങ്ങന്നൂരില്‍നിന്ന് അയച്ച കെഎസ്ആര്‍ടിസി ബസുകളും വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ മടക്കയാത്രയ്ക്ക് ആവശ്യമായ ബസ് ഇല്ലാത്ത അവസ്ഥയാണ് അയ്യപ്പന്മാരെ ഏറെ വലയ്ക്കുന്നത്.
ആയിരക്കണക്കിന് തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ നാമമാത്രമായ പൊലീസ് മാത്രമാണുള്ളതെന്ന് ആക്ഷേപമുണ്ട്. ശബരിമലയില്‍ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള മുതിര്‍ന്ന പൊലീസുകാരുള്‍പ്പെടെ ആരെയും ഇക്കുറി സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്നതാണ് വീഴ്ചയെന്നാണു കരുതുന്നത്. പ്രതിദിനം 80,000 തീർഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രണത്തിനുള്ളത് 1850 പൊലീസുകാരാണ്. ഇതിൽ 8 മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ സേവനത്തിനുള്ളത് 615 പേർ മാത്രം.
നവകേരള സദസ്സിനു സുരക്ഷയൊരുക്കാൻ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ ഇടുക്കിയിൽ നവകേരള സദസ്സിനു സുരക്ഷയൊരുക്കാനുണ്ടായിരുന്നത് 2250 പൊലീസുകാരാണ്. എറണാകുളത്ത് 2200 പേരും. മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനുസരിച്ചു കെഎപി ക്യാംപുകളിൽനിന്നു കൂടുതൽ പൊലീസുകാരെ എത്തിച്ചിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല.
കഴിഞ്ഞവർഷം ഒരു ലക്ഷത്തോളം തീർഥാടകരാണ് വന്നുകൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ അറുപതിനായിരത്തോളം പേരാണ് എത്തുന്നത്. എന്നിട്ടും പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം. അന്ന് ഒരു ലക്ഷത്തോളം പേർ എത്തിയിട്ടും തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് തിരക്കിനു കാരണമെന്നും ആക്ഷേപമുണ്ട്.
അതേസമയം, ശബരിമല പ്രതിസന്ധിക്കു പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ഓൺലൈനായി പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, കമ്മിഷണർ, ഡിജിപി തുടങ്ങിയവരും പങ്കെടുക്കും. അതിനിടെ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധി സംഘം ഇന്നു പമ്പ സന്ദർശിക്കും.