ഫലപ്രഖ്യാപനത്തിന് മുൻപ് രേവന്ദ് റെഡ്ഡിയുമായി കൂടിക്കാഴ്ച; തെലങ്കാന ഡിജിപിയുടെ സസ്പെൻഷൻ പിൻവലിച്ചു

Mail This Article
ന്യൂഡൽഹി∙ തെലങ്കാന ഡിജിപി അഞ്ജാനി കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. തെലങ്കാനയിൽ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപ് കോൺഗ്രസ് നേതാവ് രേവന്ദ് റെഡ്ഡിയെ സന്ദർശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തത്.
വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഡിജിപി രേവന്ദ് റെഡ്ഡിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് പൂച്ചെണ്ട് കൈമാറുകയായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൻ പ്രതിഷേധം ഉയർന്നു. ഒരു സ്ഥാനാർഥിയെ മാത്രം സന്ദർശിച്ചതിനു പിന്നിൽ പ്രത്യേക താൽപര്യമുണ്ടെന്നും ഡിജിപിയുടെ നിഷ്പക്ഷത സംശയിക്കപ്പെടുന്നുവെന്നും ആരോപണം ഉയർന്നു.
ഡിജിപിയുടെ പ്രവർത്തനം മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ. തുടർന്ന് രവി ഗുപ്തയ്ക്ക് തെലങ്കാന ഡിജിപിയുടെ അധികച്ചുമതല നൽകുകയായിരുന്നു.