ADVERTISEMENT

നാദാപുരം (കോഴിക്കോട്)∙ അരൂർ സ്വദേശിനി ഷബ്ന (30) കുന്നുമ്മക്കരയിലെ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്യാനിടയായത് ഭർതൃ വീട്ടുകാരുടെ മൃഗീയ മനസ് കാരണമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ഷബ്ന മരണപ്പെട്ടു കൊള്ളട്ടെ എന്നു കരുതി വീട്ടിലെ മുറിയിലേക്ക് അവരെ തള്ളി വിടുകയായിരുന്നുവെന്ന് അരൂരിൽ ഷബ്നയുടെ വീട്ടിലെത്തിയ സതീദേവി പറഞ്ഞു. 

‘‘പീഡനം നടന്നതിനുള്ള  ഏറ്റവും നല്ല തെളിവാണ് 10 വയസ്സുകാരിയായ ഷബ്നയുടെ മകൾ. ആ കുട്ടി എല്ലാ വിവരങ്ങളും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. കുട്ടി യാചിച്ചു പറഞ്ഞിട്ടു പോലും ഷബ്നയെ രക്ഷപ്പെടുത്താൻ ഭർതൃ വീട്ടുകാർ തയാറായില്ല. 498 എ എന്ന എളുപ്പത്തിൽ ജാമ്യം കിട്ടാവുന്ന വകുപ്പു മാത്രം ചേർത്ത് കേസെടുത്തതു കൊണ്ടു കാര്യമില്ല. സ്ത്രീധന നിരോധന നിയമവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി കേസെടുത്ത് ഭർതൃ മാതാവിനെയും സഹോദരിയെയും അറസ്റ്റ് ചെയ്യണം. 

വർഷങ്ങളോളം നടന്ന പീഡനത്തിന്റെ തെളിവുകൾ  വ്യക്തമാണ്. സ്ത്രീധനമായി സ്വർണവും പണവും ഷബ്നയ്ക്കു നൽകിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടികളുണ്ടാകണം. വനിതാ കമ്മിഷൻ എടച്ചേരി പൊലീസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്’’–  സതീദേവി പറഞ്ഞു.

ഷബ്നയുടെ ബന്ധുക്കളുമായും കർമ സമിതി ഭാരവാഹികളുമായും സംസാരിച്ച സതീദേവി, ഷബ്നയ്ക്കു നീതി ലഭിക്കുന്നതിന് വനിതാ കമ്മിഷൻ എല്ലാ ഇടപെടലും നടത്തുമെന്നും ഇത്തരം മരണങ്ങൾ ഒരിക്കലും സംഭവിച്ചു കൂടെന്നും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി, കർമ സമിതി കൺവീനർ എം.എ.ഗഫൂർ എന്നിവർ സതീദേവിയെ വിവരങ്ങൾ അറിയിച്ചു.

English Summary:

Women's Commission Chief P Sathidevi on Kozhikode Shabna Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com