ADVERTISEMENT

ന്യൂഡൽഹി∙ ലോ‌ക്സഭയുടെ നടുത്തളത്തിലേക്ക് യുവാക്കൾ ചാടി വീണ് പുക പടർത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സ്‌പീക്കർ ഓം ബിർല. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകുമെന്നും കക്ഷി നേതാക്കളുടെ യോഗത്തിനുശേഷം സ്പീക്കർ പറഞ്ഞു. പാർലമെന്‍റിലെ സുരക്ഷ സംബന്ധിച്ച് സമഗ്രമായ  പുനഃപരിശോധന നടത്തും. ഇന്നു നടന്ന സംഭവം അത്യന്തം ഗുരുതരവും ആശങ്കാജനകവുമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.  കാനിസ്റ്ററിൽനിന്നുള്ള പുകയെ ഭയക്കേണ്ടതില്ലെന്നും സ്‌പീക്കർ പറഞ്ഞു. 

ലോക്‌സഭ വ്യാഴാഴ്ച രാവിലെ 11ന് വീണ്ടും ചേരും. അക്രമികളെ പിടികൂടിയ എംപിമാരേയും ജീവനക്കാരേയും സ്‌പീക്കർ അഭിനന്ദിച്ചു. ഈ സംഭവത്തിനുശേഷം സഭാനടപടികൾ പുനരാരംഭിച്ചിരുന്നു. ഇതിനിടെ, ഫൊറൻസിക് സംഘവും സഭയിൽ പരിശോധന നടത്തി. ‘‘ഈ സംഭവം അന്വേഷിക്കുന്നതിനായി ഡൽഹി പൊലീസിനോടു നിർദേശിച്ചിട്ടുണ്ട്. പുക പടർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽനിന്ന് കാര്യമായ ഒരു പ്രശ്നവും ഉണ്ടാവുകയില്ല. അക്കാര്യം എനിക്ക് ഉറപ്പു നൽകാനാകും. നിങ്ങള്‍ക്കൊപ്പം ഞാനും ഇവിടെയുണ്ടല്ലോ. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം പുറത്തുവരും’’ – ഒം ബിർല പറഞ്ഞു.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലായിരുന്നു സുരക്ഷാ വീഴ്ച. അതിക്രമിച്ചു കടന്ന യുവാക്കളെ ആദ്യം എംപിമാർ ചേർന്ന് കീഴടക്കുകയും പിന്നീട് സുരക്ഷാ സേന പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. 

ശ്യൂന്യവേള പുരോഗമിക്കുന്നതിനിടെ ഒരാൾ ഗാലറിയിൽനിന്ന് ചാടിവീണ് ബെഞ്ചുകൾക്ക് മുകളിലൂടെ സ്‌പീക്കർക്കു നേരെ നീങ്ങുകയായിരുന്നു. ഈ സമയം മറ്റൊരാളാണ് ലോക്സഭയിൽ മഞ്ഞ പുകപടർത്തിയതെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഇതു കനത്ത സുരക്ഷാവീഴ്ചയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യം ഒരാൾ ഗാലറിയിൽനിന്ന് വീണതാണെന്നു കരുതിയതെന്നു കാർത്തി ചിദംബരം എംപി പറഞ്ഞു. 

ഇതിനു പിന്നാലെ മറ്റൊരാൾ കൂടി എത്തിയതോടെ സംഭവം കരുതിക്കൂട്ടിയുള്ളതാണെന്ന് മനസ്സിലായി. പിന്നാലെ കൈയിലിരുന്ന കാനിസ്റ്റർ തുറക്കുകയും മഞ്ഞ പുക പുറത്തേക്കു വരികയുമായിരുന്നു. എന്തെങ്കിലും വിഷാംശമുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് എംപി ഗുർജീത് സിങ് ഔജ്‌ലി ഇവരെ സഭയിൽ തടഞ്ഞുവച്ചു.  ഇദ്ദേഹം ഗ്യാസ് പുറത്തേക്ക് എറിഞ്ഞു. 

ലോക്‌സഭയുടെ പുറത്ത് പ്രതിഷേധം നടത്തിയ രണ്ടുപേരും കൂടി പിടിയിലായിട്ടുണ്ട്.  വൻതോതിലുള്ള സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ നടന്ന സംഭവം സർക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു.

English Summary:

Lok Sabha Speaker about Security Breach in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com