ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന രണ്ട് യുവാക്കൾ ലോക്സഭാ ചേംബറിലേക്ക് കടന്നുകയറി പരിഭ്രാന്തി പരത്തിയ സംഭവത്തിന്റെ ഞെട്ടലിൽനിന്ന് തലസ്ഥാനം മുക്തമായിട്ടില്ല. മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ, ലക്നൗ സ്വദേശി സാഗർ ശർമ എന്നിവരാണ് സന്ദർശക ഗാലറിയിൽനിന്ന് സഭയിലേക്ക് ചാടിയത്. പാർലമെന്റ് ഗേറ്റിനു പുറത്ത് സ്മോക്ക് കാനിസ്റ്ററുകൾ തുറന്ന് മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി, മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ എന്നിവരെയും പൊലീസ് പിടികൂടി.

പിടിയിലായ നീലം ദേവി കർഷ പ്രക്ഷോഭമുൾപ്പെടെ കേന്ദ്രസർക്കാരിനെതിരായ പല പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജിന്ദിലെ ഘാസോ ഖുർദ് ഗ്രാമമാണ് നീലത്തിന്റെ സ്വദേശം. പാർലമെന്റിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ തന്റെ മകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് നീലത്തിന്റെ അമ്മ സരസ്വതി ദേവി അറിഞ്ഞത് വാർത്തകളിലൂടെയാണ്. 

‘‘അവൾ എന്തിനാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. ചിലപ്പോൾ ജോലി ലഭിക്കാത്തതിലുള്ള പ്രതിഷേധമായിരിക്കാം. സംഭവം നടന്ന ദിവസം രാവിലെയും അവളോടു സംസാരിച്ചു. സാധാരണ സംസാരിക്കാറുള്ളതു പോലെ തന്നെയായിരുന്നു പ്രതികരണം. മരുന്നൊക്കെ കൃത്യമായി കഴിക്കാറുണ്ടോ എന്നും എന്നോടു ചോദിച്ചു. അവൾ ഡൽഹിയിലേക്കു പോയ കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു’’ –സരസ്വതി ദേവി പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസമായി ഹരിയാനയിലെ ഹിസാറിൽ പേയിങ് ഗസ്റ്റായി താമസിച്ചുവരുന്ന നീലം, മത്സര പരീക്ഷകൾക്കുള്ള തയാറെടുപ്പിലായിരുന്നുവെന്ന് സഹോദരൻ രാം നിവാസ് പറഞ്ഞു. ബിരുദാനന്തര ബിരുദധാരിയായ നീലം എംഫിലും എംഎഡും പൂർത്തിയാക്കിയതാണ്. അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും വിജയിച്ചിരുന്നു. വിവരമറിഞ്ഞ മൂത്ത സഹോദരൻ ടിവി ഓൺ ചെയ്ത് വാർത്ത നോക്കാൻ ആവശ്യപ്പെടുകയായിരുന്നു. നീലം ഡൽഹിയിൽ അറസ്റ്റിലായെന്ന് അവൻ എന്നോടു പറഞ്ഞു. രണ്ടു ദിവസം മുൻപ് വീട്ടിൽ‌ വന്നിരുന്നെങ്കിലും പാർലമെന്റിൽ പ്രതിഷേധം നടത്തുന്നതിന്റെ യാതൊരു സൂചനയും നൽകിയിരുന്നില്ലെന്നും രാം നിവാസ് പറയുന്നു.

കർഷക പ്രക്ഷോഭത്തിന്റെ സമയത്ത്, പ്രദേശത്തുള്ള ടോൾ പ്ലാസയിൽ ഘാസോ ഖുർദിലെ ചിലർക്കൊപ്പം പ്രതിഷേധം സംഘടിപ്പിക്കാൻ നീലം മുന്നിലുണ്ടായിരുന്നുവെന്ന് നാട്ടുകാരിൽ ഒരാൾ പ്രതികരിച്ചു. തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങളിലും നീലം പ്രതിഷേധിച്ചിരുന്നു. നീലത്തിന്റെ പിതാവിനു പലഹാരം തയാറാക്കുന്ന ജോലിയാണെന്നും രണ്ടു സഹോദരന്മാരെ കൂടാതെ മൂന്ന് സഹോദരിമാർ കൂടിയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

English Summary:

Neelam, arrested over Parliament security breach, participated in farmers' agitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com