ADVERTISEMENT

ചെന്നൈ ∙ സർക്കാർ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നതിനെതിരെയുള്ള സുപ്രീം കോടതിയുടെ രൂക്ഷമായ പ്രതികരണത്തിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ചർച്ചയ്ക്കു ക്ഷണിച്ചു ഗവർണർ ആർ.എൻ.രവി. എന്നാൽ, ഇപ്പോൾ വരാനാകില്ലെന്നും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലാണെന്നും മുഖ്യമന്ത്രി മറുപടി നൽകിയതോടെ കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്കു മാറ്റി.

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കു സമാനമായി തമിഴ്നാട് സർക്കാരും ഗവർണർക്കെതിരെ നൽകിയ ഹർജി ഈ മാസം ആദ്യം പരിഗണിച്ചപ്പോൾ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നും ബില്ലുകൾ അംഗീകരിക്കുന്നതിലെ തടസ്സം പരിഹരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ ഗവർണർ കാലതാമസം വരുത്തിയതിനെതിരെ തമിഴ്‌നാട് നൽകിയ ഹർജി ഇന്നലെ വീണ്ടും പരിഗണിച്ചപ്പോഴും ചീഫ് ജസ്റ്റിസ് ഡോ.ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു.

ഗവർണറുടെ ഓഫിസിൽ കെട്ടിക്കിടക്കുന്ന എല്ലാ ബില്ലുകളും ഫയലുകളും സർക്കാർ ഉത്തരവുകളും നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ ഗവർണറോടു നിർദേശിക്കണമെന്നും ഗവർണർ ഭരണഘടനാപരമായ ഉത്തരവുകൾ പാലിക്കുന്നതിൽ കാലതാമസവും നിഷ്ക്രിയത്വവും കാണിക്കുന്നതു നിയമവിരുദ്ധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണു തമിഴ്നാട് ഹർജി നൽകിയിരിക്കുന്നത്. കേസ് ജനുവരി 3നു വീണ്ടും പരിഗണിക്കും.

English Summary:

Tamil Nadu Governor RN Ravi invites CM MK Stalin for discussions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com