ADVERTISEMENT

തൃശൂർ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു.  ആറു തവണ എംഎൽഎയായിരുന്നു. ഭാര്യ: ലളിത, മക്കൾ‌: സഞ്ജിത്ത്, രഞ്ജിത്ത്

1970ൽ കുന്നംകുളത്തുനിന്നാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടു. 77ലും 80ലും ജയിച്ചു. 82ൽ തോറ്റു. 87ൽ കൊടകരയിലേക്കു മാറി. 2001 വരെ തുടർച്ചയായി നാലു തവണ ജയം. 91ൽ കരുണാകരൻ മന്ത്രിസഭയിലും 2004ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും വനം മന്ത്രിയായി. രണ്ടു തവണയും കാലാവധി പൂർത്തിയാക്കാതെ രാജിവയ്‌ക്കേണ്ടി വന്നു.

തൃശൂർ കേരളവർമ കോളജിലും എറണാകുളം ലോ കോളജിലുമായി പഠനം. 67ൽ യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി. 70ൽ ഡിസിസി ജനറൽ സെക്രട്ടറിയായും 72ൽ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 72 മുതൽ കെ. പിസിസി അംഗമാണ്.

എട്ടു തവണ മൽസരിക്കുകയും ആറു തവണ നിയമസഭയിൽ എത്തുകയും ചെയ്‌ത വിശ്വനാഥന്റെ രാഷ്‌ട്രീയം തുടങ്ങുന്നത് 67ൽ വിദ്യാർഥി രാഷട്രീയത്തിലൂടെയാണ്. പടിപടിയായി കയറിവന്ന വിശ്വനാഥന് ആരോടും കാര്യം തുറന്നുപറയാൻ മടിയില്ല. അതുകൊണ്ടുതന്നെ സ്വന്തം ഗ്രൂപ്പിലുള്ളവർപോലും പലപ്പോഴും വിശ്വനാഥനിൽനിന്ന് അകന്നു. അകന്നവരെ വീണ്ടും കൂടെ നിർത്താനും വിശ്വനാഥന് മടിയില്ല. അതുകൊണ്ടുതന്നെ യൂത്ത് കോൺഗ്രസുകാർക്കും മറ്റും വിശ്വനാഥൻ എന്നും അത്താണിയായിരുന്നു. ശക്‌തമായ ഗ്രൂപ്പുണ്ടെങ്കിലും പൊതുകാര്യങ്ങളിൽ കാണിച്ച രാഷ്‌ട്രീയമില്ലായ്‌മയാണ് വിശ്വനാഥനെ പ്രതിപക്ഷത്തിനുപോലും പ്രിയപ്പെട്ടവനാക്കിയത്. 

മരണത്തിനും കല്യാണത്തിനും മണ്ഡലം മുഴുവൻ ഓടി നടക്കുന്ന രീതി വിശ്വനാഥനില്ല. തന്റെ സാന്നിധ്യം അത്യാവശ്യമെന്നു തോന്നുന്ന സ്‌ഥലത്തു മാത്രമേ വിശ്വനാഥൻ ഉണ്ടാകാറുള്ളൂ. ഏതു നട്ടപ്പാതിരയ്‌ക്കും പൊലീസ് സ്‌റ്റേഷനിലും മറ്റും പോയി ജനതാൽപര്യം സംരക്ഷിക്കാൻ കാണിച്ച മിടുക്കാണ് പലപ്പോഴും വിശ്വനാഥനെ ശ്രദ്ധേയനാക്കിയത്. ഐനസ് ആന്റണി വധക്കേസിലും മറ്റും വിശ്വനാഥന് എതിരെ സിപിഎം ആരോപണം അഴിച്ചുവിട്ടെങ്കിലും അത് ക്ലച്ചുപിടിക്കാതെ പോയത് സ്വന്തം മണ്ഡലത്തിൽ രാഷ്‌ട്രീയത്തിന് അതീതമായി സൃഷ്‌ടിച്ച ബന്ധംകൊണ്ടു മാത്രമാണ്. അന്ന് കോൺഗ്രസ് പാർട്ടിപോലും വിശ്വനാഥനെ സഹായിക്കാനില്ലായിരുന്നു.

സ്വന്തം ഗ്രൂപ്പിൽപോലും ശത്രുക്കളെ ഉണ്ടാക്കിയത് വിശ്വനാഥന്റെ ശക്‌തമായ നിലപാടുകളാണ്. വ്യക്‌തിപരമായി എന്ത് അടുപ്പമുണ്ടായാലും കെ. കരുണാകരനുമായി ഗ്രൂപ്പുതലത്തിൽ അകന്നുതന്നെ നിൽക്കണമെന്നായിരുന്നു കെ.പി. വിശ്വനാഥന്റെ നിലപാട്. തൃശൂരിൽ ഇത്തരമൊരു നിലപാടുമായി മൂന്നര പതിറ്റാണ്ട് രാഷ്‌ട്രീയ പ്രവർത്തനം നടത്തുക എളുപ്പമല്ല. കൂടെ നിന്നവർ ലീഡറെ തള്ളിപ്പറഞ്ഞപ്പോൾ അവരെ കൂട്ടുപിടിക്കുന്നതിനും വിശ്വനാഥൻ എതിരായിരുന്നു. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെ പരസ്യമായി വിമർശിക്കാൻപോലും വിശ്വനാഥന് കഴിഞ്ഞിട്ടുണ്ട്. അതിന് ഗ്രൂപ്പ് തടസമായിട്ടുമില്ല.

English Summary:

K.P.Viswanathan Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com