ADVERTISEMENT

തിരുവനന്തപുരം∙ ലോകോത്തര സിനിമകളുടെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊ‌ടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം  ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് സ്വന്തമാക്കി. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാ​ഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഉസ്ബെക്കിസ്ഥാൻ ചിത്രമായ സൺഡേയുടെ സംവിധായകൻ ഷോക്കിർ ഖോലികോവിനാണ്. ഷോക്കിറിന്റെ ആദ്യ ഫീച്ചർ ഫിലിമാണിത്. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

മലയാള ചിത്രമായ തടവാണ് മേളയിലെ  പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി. മികച്ച  മത്സര ചിത്രത്തിനുള്ള  ഫിപ്രസി പുരസ്കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ പ്രിസൺ ഇൻ ദി ആൻഡസിനു ലഭിച്ചു.  ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി. സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള  ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ - കെ.ആര്‍.മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേർവാൾ തിരഞ്ഞെടുക്കപ്പെട്ടു. മി​ഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം ലഭിച്ചു. ലിലിയാന വില്ലസെനർ, മി​ഗുവേൽ ഹെർണാണ്ടസ്‌, മാരിയോ മാർട്ടിൻ കോമ്പസ് എന്നിവർ ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടി.

ഫാസിൽ റസാഖിന് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ‘ആട്ടം’ നേടി. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്കാരം ശ്രുതി ശരണ്യത്തിനു ലഭിച്ചു.

രാഷ്ട്രീയത്തിന് നമ്മുടെ ജീവിതത്തിൽ സ്ഥാനമുണ്ടെങ്കിലും കല രാഷ്ട്രീയത്തിന് അതീതമാണെന്നു ക്രിസ്തോഫ് സനൂസി പറഞ്ഞു. മാനുഷിക അവസ്ഥകളെക്കുറിച്ചാണ് കല പറയുന്നത്. മനുഷ്യത്വത്തെ സംരക്ഷിക്കാനും നശിപ്പിക്കാനും ഇപ്പോഴത്തെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനു കഴിയുമെന്നും ക്രിസ്തോഫ് സനൂസി പറഞ്ഞു. അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമയിലെ ടി ബി ലാൽ നേടി. 

വിവിധ  രാജ്യങ്ങളിൽ നിന്നായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം. ക്രിസ്റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദൻ തുടങ്ങി ലോകോത്തര  സംവിധായകരുടെ സിനിമകൾക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയിൽ മലയാള സിനിമകൾക്ക് കൂടുതൽ പ്രേക്ഷക പ്രീതി നേടാനായി. യുവജന പങ്കാളിത്തത്തിൽ മുന്നി‌ലെത്തിയ മേളയിൽ വനിതാ സംവിധാകരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. തിയേറ്ററിലും പുറത്തും ആൾക്കൂട്ടത്തെ ആകർഷിച്ച മേളയിൽ മത്സരവിഭാഗത്തില്‍ പ്രദർശിപ്പിച്ച സിനിമകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്.

കാല- ദേശ- ഭാഷാ-സാംസ്കാരിക അതിർവരമ്പുകൾക്കതീതമായി  പുതുതലമുറ പരീക്ഷണങ്ങളും പഴയകാല ചിത്രങ്ങളും സമ്മേളിച്ച മേളയിൽ ക്രിസ്റ്റോഫ് സനൂസിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.   ചലച്ചിത്ര വിദ്യാർത്ഥികളുടെ പഠന കളരികൂടിയായിരുന്നു ഇത്തവണത്തെ മേള .  മാസ്റ്റർ ക്ലാസ്സ്, അനുസ്മരണ പ്രഭാഷണം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ തുടങ്ങിയ ആശയ വിനിമയ പരിപാടികൾക്കും ഫിലിം മാർക്കറ്റ്,  ചിത്ര പ്രദർശനങ്ങൾ തുടങ്ങിയ സിനിമാ പരിപോഷണ പരിപാടികൾക്കും നിറഞ്ഞ സദസിന്റെ സാന്നിധ്യം ഉണ്ടായി.

സാംസ്കാരിക പരിപാടികളുടെ വേദി മാനവീയം വീഥിയിലേക്കു മാറ്റിയിട്ടും ​ഗാനസന്ധ്യകൾ വൻജനാവലി ഏറ്റെടുത്തു. എട്ടു ദിവസത്തെ ചലച്ചിത്ര വസന്തത്തിന് തിരശീല വീഴുമ്പോൾ ഇരുപത്തിയൊമ്പതാമത് മേളക്ക് കാണാം എന്ന പ്രതീക്ഷയോടെയോടാണ് ഡെലി​ഗേറ്റുകളുടെ പടിയിറക്കം.

English Summary:

28th International Film Festival Of Kerala Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com