ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ‘കീലേരി അച്ചു’ നിലവാരത്തിലേക്കു മാറുന്നു: തുറന്നടിച്ച് പി.എം. ആർഷോ

Mail This Article
മലപ്പുറം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചു നിലവാരത്തിലേക്കു മാറുന്ന കാഴ്ചയാണ് കാണുന്നതെന്ന് എസ്എഫ്ഐ സംസ്ഥ സെക്രട്ടറി പി.എം. ആർഷോ. സര്‍വകലാശാലകളെ തകർക്കുന്നതിനായി ചാൻസലർ തന്നെ ശ്രമിക്കുകയാണ്. എല്ലാ അക്കാദമിക അന്തരീക്ഷത്തെയും സ്തംഭിപ്പിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും ആർഷോ ആരോപിച്ചു. ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധം ജനാധിപത്യപരമാണെന്നും ആർഷോ അവകാശപ്പെട്ടു.
‘സർവകലാശാലകളുടെ ചാൻസലറായിരിക്കുന്ന ഗവർണർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കേരളം കാണുന്നുണ്ട്. എസ്എഫ്ഐ ഉയർത്തിയ വെല്ലുവിളി ഏറ്റെടുത്തു എന്നാണ് ഗവർണർ അവകാശപ്പെടുന്നത്. കീലേരി അച്ചു നിലവാരത്തിലേക്ക് അദ്ദേഹം മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. രണ്ട് സര്‍വകലാശാലകളുടെ സെനറ്റുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ ലിസ്റ്റ് ഏതു കേന്ദ്രത്തിൽ നിന്നാണ് അദ്ദേഹത്തിനു ലഭിച്ചത്? മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയില്ല.
‘‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിനു വേണ്ടിയുള്ള രാഷ്ട്രീയ സമരമാണ് ഞങ്ങൾ നടത്തുന്നത്. സർവകലാശാലകളെ സംഘപരിവാർവത്കരിക്കുന്നതിനായി ആർഎസ്എസ് നടത്തുന്ന അജൻഡ കേരളത്തിലെ സർവകലാശാലകളിൽ നടക്കില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കി മാറ്റുന്നതിനല്ല അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിലേക്കു കടന്നു വരുന്നത്. ആർഎസ്എസിന്റെ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്.’ – പി.എം. ആർഷോ ചൂണ്ടിക്കാട്ടി.
‘‘ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകളെന്നും ഗുണ്ടകളെന്നും ആവർത്തിച്ച് വിളിക്കുന്നുണ്ട്. ഒരു ക്രിമിനൽ പ്രവർത്തനത്തിനും നേതൃത്വം നൽകുന്നതിനു വേണ്ടിയല്ല ഞങ്ങൾ വന്നിരിക്കുന്നത്. ഞങ്ങൾ വിദ്യാർഥികളാണ്. സർവകലാശാകളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവയ്ക്കുക മാത്രമാണ് ഉദ്ദേശ്യം. സർവകലാശാലകളെ തകർക്കുന്നതിനു ചാൻസലർ തന്നെ ഇടപെടലുകൾ നടത്തുമ്പോൾ സ്വാഭാവികമായി പ്രതിഷേധിക്കുന്നതിനു വിദ്യാർഥി സമൂഹത്തിനു ഉത്തരവാദിത്തമുണ്ട്. ഒരു തരത്തിലും പ്രകോപനത്തിനു വഴങ്ങാൻ ഞങ്ങൾ തയ്യാറല്ല. ജനാധിപത്യപരമായ പ്രതിഷേധം ഞങ്ങൾ ഉയർത്തിക്കൊണ്ടുവരും.’ – ആർഷോ വ്യക്തമാക്കി.
ആർഎസ്എസ് ചാൻസലർ ഇട്ടുകൊടുക്കുന്ന അപ്പകഷണം തിന്നുന്ന ആളുകളായി മുട്ടിലിഴയുന്ന തരത്തിലേക്ക് യുഡിഎഫ് മാറി എന്നും ആര്‍ഷോ ആരോപിച്ചു. ‘‘കാലിക്കറ്റ് സർവകലാശാല സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ല മുസ്‌ലിം ലീഗിനേയും എംഎസ്എഫിനേയും സംബന്ധിച്ച് വലിയ ശേഷിയുണ്ടെന്ന് അവർ അവകാശപ്പെടുന്ന പ്രദേശമാണ്. യുഡിഎഫും ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
‘‘എന്നാൽ, ജില്ലയിൽ സംഘപരിവാറിനെതിരെ ഒരു സമരം ഉയർത്തിക്കൊണ്ടുവരുന്നതിന് അവർ തയ്യാറാകുന്നില്ല. ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്നും ചാൻസലർ ഒപ്പിട്ടു മുന്നോട്ടു വച്ച സെനറ്റ് അംഗങ്ങളുടെ പട്ടികയിൽ യുഡിഎഫിന്റെ നേതാക്കൾ എങ്ങനെ വന്നുവെന്ന് ഈ ദിവസം വരെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ആളുകൾ വ്യക്തമാക്കിയിട്ടില്ല. കേരള സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ നിന്നും ബിജെപി ഓഫിസ് വഴി ചാൻസലറുടെ ടേബിളിലേക്ക് മൂന്നു പേരുടെ പേരുകൾ പോയെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്’’ – ആർഷോ പറഞ്ഞു.