ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ കയ്യാങ്കളി കേസിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ സർക്കാർ. 4 മുൻ യുഡിഎഫ് എംഎൽഎമാരെ കേസിൽ പ്രതി ചേർത്തു. എൽഡിഎഫിന്റെ നാട്ടിക എംഎൽഎ ആയിരുന്ന ഗീതാഗോപിയുടെ പരാതിയിൽ യുഡിഎഫ് എംഎൽഎമാരായിരുന്ന ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം.എ.വാഹിദ്, എ.ടി.ജോർജ് എന്നിവരെ പ്രതികളാക്കി കേസ് റജിസ്റ്റർ ചെയ്തു. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 34 (പൊതു ഉദ്ദേശ്യത്തോടെ കൂട്ടംചേർന്ന് ക്രിമിനൽ പ്രവൃത്തി ചെയ്യുക), 323 (ദേഹോപദ്രവം ഏൽപിക്കൽ), 341 (തടഞ്ഞു നിർത്തൽ) വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. ഒരുമാസം മുൻപ് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് രണ്ടു ദിവസം മുമ്പാണ്  ക്രൈംബ്രാഞ്ചിനു കൈമാറിയത്.

2015 മാർച്ച് 13ന് ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിയായ ശിവദാസൻ നായർ ഗീതാഗോപിയെ ബോധപൂർവം തള്ളി താഴെയിട്ടെന്നും, മറ്റു മൂന്നു പേരും ചേർന്ന് ഗീതയെ തടഞ്ഞു വച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. വീഴ്ചയിൽ ഗീതാഗോപിയുടെ നടുവിനു ക്ഷതമേറ്റെന്നും എഫ്ഐആറിൽ പറയുന്നു. 

കയ്യാങ്കളിയെ തുടർന്ന് നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ എൽഡിഎഫ് നേതാക്കളെ പ്രതിചേർത്തിരുന്നു. മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കാൻ സുപ്രീംകോടതിവരെ പോയെങ്കിലും വിചാരണ നേരിടാൻ കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടർന്ന്, യുഡിഎഫിനെ സമ്മർദ്ദത്തിലാക്കാനാണ് കേസിൽ തുടരന്വേഷണം നടത്തി 4 എംഎൽഎമാരെ പ്രതിചേർത്തിരിക്കുന്നത്.

English Summary:

Assembly ruckus case: Four former UDF MLAs included in accused list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com