ADVERTISEMENT

ബെയ്ജിങ്∙ ചൈനയിൽ 1996നും 1999നും ഇടയിൽ നടന്ന ഏഴു കൊലപാതകങ്ങളിൽ പ്രതിയായ സീരിയൽ കില്ലർ ലാവോ റോങ്സിയുടെ വധശിക്ഷ നടപ്പാക്കിയതായി ചൈന. കിഴക്കൻ ചൈനയിലെ ജിയാങ്സി മേഖലയിലെ ഹൈ പീപ്പിൾസ് കോടതിയാണ് സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ലാവോയുടെ വധശിക്ഷ നടപ്പാക്കിയതായി അറിയിച്ചത്. വധശിക്ഷയ്ക്കു മുൻപ് ഇവരുടെ കുടുംബാംഗങ്ങളെ കാണാൻ അവസരം നൽകിയെന്നും കോടതി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

1996–99 കാലത്ത് ചൈനയിൽ നടന്ന നിരവധി മോഷണ, കവർച്ചാ, തട്ടിക്കൊണ്ടു പോകൽ കേസുകളിലും പ്രതിയായ ഇവർ ഒരു കുട്ടിയുൾപ്പെടെ ഏഴു പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെ ഇരുപതു വർഷത്തോളം ഒളിവിലായിരുന്ന ഇവരെ 2019 നവംബർ 18നാണ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കഴിഞ്ഞ വർഷം കോടതി ലാവോയെ വധശിക്ഷയ്ക്കു വിധിച്ചു. വിചാരണവേളയിൽ താൻ നടത്തിയിട്ടുള്ള ക്രൂരതകളെല്ലാം വിവരിക്കുകയും പൂർവകാമുകനെ എല്ലാത്തിനും പഴിചാരുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ അറിയിച്ചു. ലാവോയുടെ കാമുകനായ ഫാ സിയിങ്ങിന്റെ വധശിക്ഷ 1999ൽ നടപ്പാക്കിയിരുന്നു. 

ലാവോയും കാമുകനായ ഫാ സിയിങ്ങും ചേർന്നാണ് കുറ്റകൃത്യങ്ങളെല്ലാം ചെയ്തതെന്ന് കോടതി അറിയിച്ചു. 1993ലാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു. ആദ്യം ചെറിയ മോഷണങ്ങളും മറ്റും നടത്തിയ ഇരുവരും 1996 മുതൽ 1999 വരെയുള്ള മൂന്നു വർഷം നൻചാങ്, വൈൻഷൗ, ഹെഫെയ് എന്നിവിടങ്ങളിൽ ഏഴു പേരെയാണ് കൊലപ്പെടുത്തിയത്. 1996ൽ ഒരു വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ദമ്പതിമാരെയും അവരുടെ മൂന്നു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൊലപ്പെടുത്തി.

കാമുകനാണ് കുറ്റകൃത്യങ്ങളിലെ മുഖ്യ സൂത്രധാരനെന്നും താൻ അയാളെ അനുഗമിക്കുക മാത്രമാണ് ചെയ്തതെന്നും ലാവോ വാദിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. വിചാരണയ്ക്കിടെ ലാവോ ചെയ്ത തെറ്റുകൾക്കെല്ലാം വിങ്ങിപ്പൊട്ടി ഖേദം പ്രകടിപ്പിക്കുകയും ഇരകളുടെ കുടുംബത്തിനു പാരിതോഷികം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. 

1999ൽ അറസ്റ്റിലായ ലാവോ ആൾമാറാട്ടം നടത്തി 20 വർഷത്തോളമാണ് ഒളിവിൽ കഴിഞ്ഞത്. 2019 നവംബറിൽ സിയാമെനിലെ ഒരു ഷോപ്പിങ് സെന്ററിൽ വാച്ചുകൾ വിൽക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലാകുന്നത്. തുടർന്ന് 2020 ഓഗസ്റ്റിൽ ഇവർക്കെതിരെ കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി. അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ രാഷ്ട്രീയ അവകാശങ്ങളെല്ലാം റദ്ദാക്കുകയും ഇവരുടെ പേരിലുള്ള സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടുകയും ചെയ്തു. 

English Summary:

China Executes Notorious Female Serial Killer Lao Rongzhi For Murdering 7 People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com