ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡേറ്റാ ബാങ്കിൽനിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ മൂന്നു സംസ്ഥാനങ്ങളിൽനിന്നായി നാലുപേർ അറസ്റ്റിൽ. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള കേന്ദ്ര ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് പുറത്തുവന്ന് രണ്ടുമാസം പിന്നിടുമ്പോഴാണ് സുപ്രധാന നടപടി. സംഭവത്തിൽ ഈ മാസം ആദ്യമാണ് ഡൽഹി പൊലീസ് സ്വമേധയാ കേസെടുക്കുകയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തത്.

ചോദ്യം ചെയ്യലിൽ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), പാക്കിസ്ഥാന്റെ കംപ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (സിഎൻഐസി) എന്നിവയുടെ വിവരങ്ങളും ചോർത്തിയതായി അറസ്റ്റിലായവർ വെളിപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യയിലെ ആധാർ ഡേറ്റാ ബാങ്കിനു സമാനമായ സംവിധാനമാണ് പാക്കിസ്ഥാന്റെ സിഎൻഐസി. 

ഒഡിഷയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദധാരി, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത രണ്ട് ഹരിയാന സ്വദേശികൾ, ഝാൻസിയിൽനിന്നുള്ള മറ്റൊരാൾ എന്നിങ്ങനെയാണ് അറസ്റ്റിലായവരേക്കുറിച്ച് പൊലീസ് പുറത്തുവിട്ട വിവരം. ഇവരെ കഴിഞ്ഞയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നാലുപേരും ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ മൂന്നുവർഷം മുൻപാണ് സുഹൃത്തുക്കളായതെന്നും എളുപ്പത്തിൽ പണം സമ്പാദിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റകൃത്യത്തിൽ ഏര്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബറിലാണ് വിവര ചോർച്ചയെ സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്. ആധാർ, പാസ്പോര്‍ട്ട് വിവരങ്ങളുൾപ്പെടെ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരുന്നതായാണ് കണ്ടെത്തൽ. സൈബർ സുരക്ഷാ ഭീഷണികൾ കണ്ടെത്താനുള്ള നോഡൽ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്–ഇൻ) ആണ് ഇത് കണ്ടെത്തിയത്. കുറ്റവാളികൾ എങ്ങനെയാണ് ഡേറ്റ‍ ചോർത്തിയതെന്ന കാര്യം വിശദമായി അന്വേഷിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. 

English Summary:

ICMR data leak: Four held, claim to have stolen FBI, Pak’s CNIC info too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com