ADVERTISEMENT

ബെംഗളൂരു ∙ ബെളഗാവിയില്‍ വീട്ടമ്മയെ നഗ്‌നയാക്കി കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കർണാടക ഹൈക്കോടതി. മഹാഭാരതത്തിലെ കഥാപാത്രമായ ദ്രൗപദിക്കു സംഭവിച്ചതിനു സമാനമാണിതെന്നു കോടതി നിരീക്ഷിച്ചു. സ്ത്രീയുടെ മകന്‍, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്നാണു ക്രൂരമായ സംഭവം അരങ്ങേറിയത്.

‘‘ഒരുപാടുപേർ ഉണ്ടായിട്ടും ആരും ഒന്നും ചെയ്തില്ല. ഇത് എല്ലാവരുടെയും ഭീരുത്വമാണ്. അതു സംബോധന ചെയ്യപ്പെടണം. ബ്രിട്ടിഷ് രാജിന്റെ ഭാഗമല്ല പൊലീസ് എന്നോർക്കണം. ഇത്തരം അതിക്രമങ്ങൾ നേരിടാൻ കൂട്ടായ ഉത്തരവാദിത്തമുണ്ട്. മഹാഭാരതത്തിലെ ദുര്യോദനന്മാരുടെയും ദുശ്ശാസനൻമാരുടെയും കാലമാണിത്. ദ്രൗപദിയെ കേൾക്കൂ, നിങ്ങളുടെ ആയുധങ്ങളെടുക്കൂ’’– അടിച്ചമർത്തപ്പെട്ടവരുടെ നീതിക്കായി പൊരുതണമെന്ന സന്ദേശമടങ്ങിയ കവിതാശകലം ഉദ്ധരിച്ച് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി.വരാലെയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണു കേസ് പരിഗണിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം. വീട്ടമ്മയുടെ മകൻ അശോക് (24) സ്വസമുദായത്തിലെ പ്രിയങ്കയുമായി (18) ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒളിച്ചോടിയെന്ന് അറിഞ്ഞതോടെ രോഷാകുലരായ പ്രിയങ്കയുടെ ബന്ധുക്കൾ അശോകിന്റെ വീട്ടിലേക്ക് ഓടിയെത്തി. 42 വയസ്സുള്ള അമ്മയെ മർദിക്കുകയും നഗ്നയാക്കി വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്നു വൈദ്യുതി തൂണിൽ കെട്ടിയിടുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസാണു വീട്ടമ്മയെ മോചിപ്പിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) കേസ് അന്വേഷിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.

English Summary:

"Listen Draupadi...": High Court Cites Poem In Woman Paraded Naked Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com