ADVERTISEMENT

കോഴിക്കോട്∙ രാഷ്ട്രപതി ഭരണത്തിനുള്ള വകുപ്പ് ഭരണഘടനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓര്‍ക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കേരളത്തില്‍ അതു കൊണ്ടുവരാന്‍ ഉദ്ദേശമില്ല. ജനാധിപത്യപരമായ രീതിയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ത്രിപുരയിൽ കമ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തിയതും ബംഗാളിൽ ബിജെപി പ്രധാന പ്രതിപക്ഷമായതും 356-ാം വകുപ്പ് ഉപയോഗപ്പെടുത്തിയിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണം. ഗവർണർക്ക് സംരക്ഷണം നൽകാൻ സർക്കാരിന് സാധിക്കില്ലെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരെയുള്ള ഭീഷണികൾ വ്യക്തമാക്കുന്നത്. ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. പിണറായി സര്‍ക്കാര്‍ ഗവർണർക്ക് സംരക്ഷണം നൽകാൻ തയാറല്ലെങ്കിലും ഭരണഘടന പറയുന്ന സംരക്ഷണം അദ്ദേഹത്തിന് ഉറപ്പുനല്‍കാന്‍ ജനങ്ങള്‍ തയാറാണ്.

യഥാര്‍ഥ ജനപിന്തുണയാണ് അദ്ദേഹത്തിന് കോഴിക്കോട് മിഠായിത്തെരുവിൽ ലഭിച്ചത്. ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവന്നതല്ല. ഗവര്‍ണര്‍ ചെയ്തത് ശരിയാണെന്ന് ജനകീയ കോടതിയും നീതിന്യായ കോടതിയും അംഗീകരിച്ചിരിക്കുന്നു. ഗവർണറെ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ ജനങ്ങളും ബിജെപിയും ആഗ്രഹിക്കുന്നത് ഗവര്‍ണര്‍ തുടരണമെന്നാണ്.

സര്‍വകലാശാലയില്‍ ഗവര്‍ണറെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്ഐ പറഞ്ഞത്. എന്നാല്‍, ഗവര്‍ണര്‍ തെരുവിലൂടെ നടന്നു. പരാജയപ്പെട്ട സ്ഥിതിക്ക് അക്രമസമരം നിര്‍ത്താന്‍ തയാറാകണം. ആരിഫ് മുഹമ്മദ് ഖാന്‍ ആരാണെന്ന് മുഖ്യമന്ത്രിക്കും എസ്എഫ്ഐയ്ക്കും ഇതുവരെ മനസ്സിലായിട്ടില്ല. അക്രമം കാണിച്ച് അദ്ദേഹത്തെ പേടിപ്പിക്കാന്‍ നോക്കേണ്ട. 

ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനുള്ള ബുദ്ധിയുണ്ട്. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹം തെരുവിലിറങ്ങിയതെന്ന ആരോപണം തെറ്റാണ്. സർവകലാശാലയിൽ ഗവര്‍ണര്‍ നിയമിച്ചവര്‍ക്ക് യോഗ്യത ഇല്ലങ്കില്‍ സർക്കാരിനും എസ്എഫ്ഐയ്ക്കും കോടതിയെ സമീപിക്കാം. എകെജി സെന്ററിൽ നിന്നും ലിസ്റ്റ് നൽകുന്നത് പോലെ മാരാര്‍ജി ഭവനില്‍ നിന്ന് ലിസ്റ്റ് നല്‍കുന്ന പരിപാടിയില്ല.

പഴശ്ശിയുടെ ജന്മം കൊണ്ട് പവിത്രമായ മണ്ണാണ് കണ്ണൂരിലേത്. നിരപരാധികളുടെ രക്തം കൊണ്ട് ചുവന്ന ചരിത്രവും കണ്ണൂരിനുണ്ട്. ഇതിനു നേതൃത്വം വഹിച്ചത് പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവരാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്’’– അദ്ദേഹം പറ‍ഞ്ഞു.

English Summary:

CM should remember that there is a provision for President's rule in the Constitution: PK Krishnadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com