ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ സർക്കാരുമായി വീണ്ടും കൊമ്പുകോർക്കാനൊരുങ്ങി ഗവർണർ. അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുറ്റക്കാരനെന്നു മദ്രാസ് ഹൈക്കോടതി കണ്ടെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടു ഗവർണർ ആർ.എൻ.രവി ആവശ്യപ്പെട്ടു.

അനധികൃത സ്വത്തു സമ്പാദനക്കേസിൽ കെ.പൊൻമുടി, ഭാര്യ വിശാലാക്ഷി എന്നിവർ കുറ്റക്കാരാണെന്നാണു മദ്രാസ് ഹൈക്കോടതി കണ്ടെത്തിയത്. ഇരുവരെയും വിട്ടയച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിയ കോടതി എതിർവാദങ്ങൾ കേൾക്കാനായി  കേസ് വീണ്ടും പരിഗണിക്കും. കേസിൽ തടവുശിക്ഷ വിധിച്ചാൽ അയോഗ്യനാകുന്ന മന്ത്രിക്ക് എംഎൽഎ സ്ഥാനവും നഷ്ടമാകും. ഇതിനിടെയാണു നിർണായക നീക്കവുമായി ഗവർണർ രംഗത്തെത്തിയത്.

2006 –2011 കാലത്ത് ഡിഎംകെ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിനു വിജിലൻസ് നേരത്തേ കെസെടുത്തെങ്കിലും വെല്ലൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊൻമുടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി. എന്നാൽ, കേസ് സ്വമേധയാ പുനഃപരിശോധിച്ച ഹൈക്കോടതി, കീഴ്ക്കോടതിക്ക് തെറ്റുപറ്റിയെന്നു കണ്ടെത്തി. വരുമാനത്തിന്റെ 64.90% അധികം ആസ്തി നേടിയെന്നും 1.75 കോടി രൂപയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു കുറ്റപത്രത്തിലെ ആരോപണം.

ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന ഗവർണർക്കെതിരെ നേരത്തെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ സുപ്രീം കോടതി വിമർശിച്ചതിനു പിന്നാലെ, നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചു. തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ച ശേഷം മാത്രം ബില്ലുകൾ പരിഗണിച്ച ഗവർണർ 3 വർഷം എന്തെടുക്കുകയായിരുന്നുവെന്നു സുപ്രീം കോടതി ചോദിച്ചിരുന്നു.

English Summary:

In New Tamil Nadu Flashpoint, Governor Asks Chief Minister To Drop Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com