പന്നുവിന്റെ നേർക്കുള്ള വധശ്രമം: ഇന്ത്യ–കാനഡ ബന്ധത്തിന്റെ സ്വരം മാറി: ജസ്റ്റിൻ ട്രൂഡോ
Mail This Article
ടൊറന്റോ∙ അമേരിക്കൻ മണ്ണിൽവച്ച് ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെന്ന യുഎസിന്റെ ആരോപണങ്ങൾക്കു പിന്നാലെ ഇന്ത്യ– കാനഡ ബന്ധത്തിൽ സ്വരം മാറ്റമുണ്ടായതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നരേന്ദ്ര മോദി സർക്കാരിനു കുറച്ചുകൂടി ശാന്തമായ ശൈലി കൈവരിക്കാൻ അമേരിക്കയുടെ ആരോപണം വഴിവച്ചതായി തോന്നുന്നുവെന്നും ജസ്റ്റൻ ട്രൂഡോ സിബിസി ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കാനഡയ്ക്ക് എതിരെ ആക്രമണം നടത്തിയതുകൊണ്ട് പ്രശ്നം ഇല്ലാതാവില്ലെന്നു മനസിലായിട്ടുണ്ടാവും. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സംഘർഷത്തിലേർപ്പെടാൻ കാനഡയ്ക്കു താൽപ്പര്യമില്ലെന്നും പകരം വ്യാപാര കരാറിലും ഇന്തോ–പസഫിക് തന്ത്രത്തിലെയും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണു താൽപ്പര്യമെന്നും ട്രൂഡോ പറഞ്ഞു. ജനങ്ങളുടെ അവകാശത്തിനും സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും വേണ്ടി നിലകൊള്ളുക എന്നതാണ് കാനഡയുടെ അടിസ്ഥാനമെന്നും അതുതന്നെയാണു ഞങ്ങൾ ചെയ്യാൻ പോവുന്നതെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
ആരോപണം ഗൗരവമായി ഇന്ത്യ എടുക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമായിരുന്നു ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത ഗൂഢാലോചന നടത്തിയെന്ന യുഎസ് ആരോപണത്തിനു പിന്നാലെ കാനഡ പറഞ്ഞത്.